ഗതാഗത പരിഷ്കരണം സംബന്ധിച്ച യോഗത്തിൽ സിഐ മനോജ് പ്രസംഗിക്കുന്നു.
കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം കർശനമാക്കാൻ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ കൂടിയ യോഗം തീരുമാനിച്ചു. നേരത്തെ ടൗണിൽ ഗതാഗത പരിഷ്കരണം നടപ്പാക്കിയിരുന്നെങ്കിലും വൺവേ റോഡുകളിലുൾപ്പെടെ നിയമലംഘനം വ്യാപകമായതായി മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നും ഓണത്തിനോടനുബന്ധിച്ച് ടൗണിലുണ്ടാകാൻ സാധ്യതയുള്ള ഗതാഗതതടസം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനുമാണ് യോഗം ചേർന്നത്.
ടിവിഎസ് റോഡിലൂടെയുള്ള വൺവേ ഗതാഗതം കർശനമാക്കും. ദേശീയ പാതയുടെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കും. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
സിഐ മനോജ്, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻച്ചിറ, സെക്രട്ടറി ബിജു പത്യാല, പോലീസ് ഉദ്യോഗസ്ഥർ, എംവിഡി, പ്രൈവറ്റ് ബസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.