കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജലം ശുദ്ധീകരിക്കുന്നതിനായി സ്ഥാപിച്ച ടാങ്ക്.
ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു.
സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി ജല്‍ ജീവന് മിഷന് വഴി നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയായ പുതുവത്തുമല സമഗ്ര കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം ഏതാണ്ട് പരിസമാപ്തിയിലെത്തി.
19.50 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന പദ്ധതിയിൽ നാമമാത്ര പ്രവൃത്തികൾ മാത്രമാണ് ഇനി പൂർത്തിയാവാനുള്ളത്.
പദ്ധതി പൂർത്തിയാവുന്നതോടെ പഞ്ചായത്തിലെ മുപ്പതിനായിരത്തിലധികം വരുന്ന ജനങ്ങള്‍ക്ക് തടസമില്ലാതെ ശുദ്ധജലം ലഭ്യമാകും.
നിലവിൽ മിക്കയിടത്തും അഞ്ചുദിവസത്തിലൊരിക്കൽ മാത്രമാണ് ജൽജീവൻ പദ്ധതി വഴി വെള്ളം എത്തുന്നത്.
120 കുതിരശക്തിയുള്ള മോട്ടോർ സ്ഥാപിച്ചതോടെ സംഭരണ ടാങ്കുകൾ അതിവേഗം വിതരണം ചെയ്യാനും ഒന്നിടവിട്ട ദിവസങ്ങളിൽ മുഴുവൻ പ്രദേശങ്ങളിലേക്കും വെള്ളം എത്തിക്കാനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം അടിച്ചു കയറ്റുന്നതിനായി 40 എച്ച്പി ക്ലിയര്‍ വാട്ടര്‍ പമ്പ് സെറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ വാര്‍ഡുകളിലായി 1,753 ഗാര്‍ഹിക കുടിവെള്ള കണക്്ഷനുകളാണ് പദ്ധതിയുടെ ഭാഗമായി നല്‍കിയിരിക്കുന്നത്. വൈദ്യുതി തടസം മൂലം ജലവിതരണം മുടങ്ങാതിരിക്കാന്‍ 250 കെവിഎ ട്രാന്‍സ്ഫോമറും പ്രത്യേകമായി സ്ഥാപിച്ചു.
കരിയോട് മലയില്‍ 3.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കും സജ്ജമാക്കിയതോടെ കരിമ്പുഴ രണ്ട് വില്ലേജിലേക്കുള്ള കുടിവെള്ള പ്രശ്നവും പരിഹരിക്കാനാവും.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാനായി 74 കിലോമീറ്ററോളം നീളത്തില്‍ വിതരണ ശൃംഖലയും പൂര്‍ത്തിയായെന്നു കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി അറിയിച്ചു.
Tags :