റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് വൈദ്യുത തൂണുകൾ.
നെടുംകുന്നം: മണ്ഡലകാലം അടുത്തു വെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം പരമ്പരാഗത ശബരി പാതയുടെ ഭാഗമായ കറുകച്ചാൽ–നെടുംകുന്നം റോഡ് ദുരിതപാതയായതായി നാട്ടുകാർ. കറുകച്ചാൽ - മണിമല റോഡിൽ നെരിയാനി പൊയ്ക മുതൽ കാവുന്നട വരെ റോഡിന്റെ ഇരുവശങ്ങളിലും മരക്കുറ്റികൾ, കോൺക്രീറ്റ് പോസ്റ്റുകൾ, വളർന്നു നിൽക്കുന്ന പാഴ്ചെടികൾ തുടങ്ങിയവയാണ് . ഇവ മൂലം കാൽനടയാത്രക്കാരും വാഹനയാത്രി കരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി നാട്ടുകാർ പറയുന്നു.
റോഡ് നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് പിഴുത മരക്കുറ്റികൾ, കെഎസ്ഇബി നിക്ഷേപിച്ചിരിക്കുന്ന വൈദ്യുതിത്തൂണുകൾ തുടങ്ങിയവയാണ് റോഡിന്റെ ഇരുവശങ്ങളിലും കൂട്ടിയിട്ടിരിക്കുന്നത്. ഇവ സുഗമമായ ഡ്രൈവിംഗിനും കാൽനട യാത്രയ്ക്കും തടസ്സമായി മാറിയെങ്കിലും ഇവ നീക്കം ചെയ്യാൻ അധികൃതർ തയാറാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലേയ്ക്കെത്തുന്ന വിദ്യാർഥികളടക്കമുള്ളവരും ഏറെ ദുരിതമാണ് അഭിമുഖികരിക്കുന്നത്.കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടി വെള്ളം പാഴാകുമ്പോൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും വഴിയോരത്ത് ഇറക്കിയിട്ടിരിക്കുന്ന പോസ്റ്റുകൾ തടസമാകുന്നു. വളർന്നു നിൽക്കുന്ന പാഴ്ച്ചെടികൾക്കുള്ളിൽ പാമ്പുകളടക്കമുള്ള ഇഴജന്തുക്കളുടെ സാന്നിധ്യവും നാട്ടുകാർക്ക് ഭീഷണി സൃഷ്ടിക്കുകയാണ് .
ശബരിമല തീർഥാടന പാതയിലെ വിശ്രമകേന്ദ്രങ്ങളായി അയ്യപ്പഭക്തർ വർഷങ്ങളായി ഉപയോഗിക്കുന്നതാണ് ഈ പ്രദേശങ്ങൾ.
ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് അപകടങ്ങൾ ഒഴിവാക്കി യാത്ര സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags :