ജി സ്റ്റീഫൻ എംഎൽഎ
പൂവച്ചൽ: രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള കാട്ടാക്കട പബ്ലിക് മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കണമെന്ന് ജി. സ്റ്റീഫൻ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
അരുവിക്കര മണ്ഡലത്തിലെ പൂവച്ചൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാർക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രീയമായ മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പിന്റെ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകദേശം ഒന്നേമുക്കാൽ ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മാർക്കറ്റിൽ മത്സ്യവിൽപ്പന ഉൾപ്പെടെയുള്ള വിവിധ വ്യാപാരങ്ങളിലായി 500-ഓളം മൊത്ത-ചില്ലറ വ്യാപാരികൾ പ്രവർത്തിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഈ മാർക്കറ്റിനെ ആശ്രയിക്കുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ശാസ്ത്രീയമായ മാലിന്യസംസ്കരണ സംവിധാനത്തിന്റെ അഭാവവും മാർക്കറ്റിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
മലിനജലം ഒഴുക്കിക്കളയാൻ ആവശ്യമായ ഡ്രെയിനേജ് സംവിധാനമില്ലാത്തതും ശുചിത്വപ്രശ്നങ്ങൾ രൂക്ഷമാക്കുന്നു.ലോകബാങ്കിന്റെ സഹായത്തോടെ മാർക്കറ്റിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യാപാരകേന്ദ്രമാക്കി മാറ്റുന്നതിനായി നേരത്തെ 17 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും നവീകരണം യാഥാർഥ്യമായിട്ടില്ല. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കുക, വൃത്തിയുള്ള വ്യാപാര സ്റ്റാളുകൾ ഒരുക്കുക, മത്സ്യവിൽപ്പനയ്ക്ക് ആവശ്യമായ ശീതീകരണ സംവിധാനം ഏർപ്പെടുത്തുക, വലിയ മത്സ്യവാഹനങ്ങൾക്ക് മാർക്കറ്റിനുള്ളിലേക്ക് പ്രവേശിക്കാൻ അനുയോജ്യമായ റോഡ് സൗകര്യം ഒരുക്കുക, വാഹന പാർക്കിംഗ് ഏർപ്പെടുത്തുക, ഉപഭോക്താക്കൾക്ക് സുഗമമായി നടന്നുനീങ്ങാനുള്ള സൗകര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സബ്മിഷനിൽ ഉന്നയിച്ചു.
Tags :