രാമങ്കരി: പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് കുട്ടനാട്ടിലെ എസി റോഡെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം കുട്ടനാടിന്റെ സമഗ്രവികസനം സർക്കാർ യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
752 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആലപ്പുഴ- ചങ്ങനാശേരി റോഡ്, 65.5 കോടി രൂപയുടെ പടഹാരം പാലം, കാവാലം തട്ടാശേരി പാലത്തിന്റെ നിർമാണം, കുട്ടനാട് സമഗ്രകുടിവെള്ളപദ്ധതി, വീയപുരം-മുളയ്ക്കാംതുരുത്തി റോഡ് എന്നിങ്ങനെ 514 കോടി രൂപ ചെലവു വരുന്ന കുട്ടനാട്ടിലെ വിവിധ പദ്ധതികൾ മങ്കൊന്പ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2027 മേയ് മാസത്തോടെ കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്യും. കുട്ടനാടിന്റെ സമഗ്രമായ വികസനമാണ് സർക്കാർ ആഗ്രഹിക്കുന്നത്. 10 വർഷം മുന്പുള്ള കേരളത്തിന്റെ അവസ്ഥ എന്തായിരുന്നു. ഒന്നും നടക്കില്ല എന്നാണ് എല്ലാവരും അന്ന് കരുതിയത്. അങ്ങനെ കരുതിയ ഒട്ടേറെ പദ്ധതികളാണ് ഇന്ന് യാഥാർഥ്യമായിരിക്കുന്നത്. ഇതൊരു സ്വാഭാവിക പ്രക്രിയയായിരുന്നില്ല. സർക്കാരിന്റെ വ്യക്തമായ നയത്തിന്റെ ഭാഗമായി വന്നതാണ്.
നാം ഒരു നവകേരളത്തിലേക്കാണ് യാത്ര ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാടിന്റെ സമസ്ത മേഖലകളുടെയും കുതിപ്പിന് കാരണമാകുന്ന പദ്ധതിയാണ് എസി റോഡ്. നമ്മുടെ നാട് മുപ്പത് കൊല്ലം അപ്പുറത്തേക്ക് കാണേണ്ടിയിരുന്ന പശ്ചാത്തല വികസനമാണ് ഇപ്പോൾ നടന്നുവരുന്നത്. ഒരു എൽഡിഎഫ് മാജിക്കാണ് കേരളത്തിൽ പൊതുവേ കാണാൻ സാധിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് സ്വാഗതം പറഞ്ഞു