എ. രാജ
തൊടുപുഴ: ദേവികുളം മുന്‍ എംഎല്‍എ എ. രാജ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട പട്ടികജാതി വിഭാഗക്കാരനാണെന്ന് കിര്‍ത്താര്‍ഡ്സ് വിജിലന്‍സ് കണ്ടെത്തിയതായി കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന് പത്രസമ്മേളനത്തില്‍ അറിയിച്ചു. എ. രാജ അവകാശപ്പെട്ട ജാതിപദവി തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ഓഫിസര്‍ ഈ റിപ്പോര്‍ട്ട് സ്ക്രൂട്ടിനിംഗ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.
പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ദേവികുളം മണ്ഡലത്തില്‍ ഇതര വിഭാഗക്കാരനായ എ. രാജ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാജരേഖകള്‍ ചമച്ച് മത്സരിച്ചുവെന്നു കാണിച്ച് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഡി. കുമാര്‍ നല്കിയ പരാതിയിലാണ് അന്വേഷണം നടന്നത്. സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അദ്ദേഹം കിര്‍ത്താഡ്സിനെ സമീപിച്ചത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ. രാജ 7,848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡി. കുമാറിനെ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് ഡി. കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. എ. രാജ പട്ടികജാതി വിഭാഗക്കാരനല്ലെന്നും പരിവര്‍ത്തിത ക്രൈസ്തവനാണെന്നും തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ എ. രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്ന് എ. രാജ സുപ്രീംകോടതിയ സമീപിച്ചു. ഇവിടെ എ. രാജയ്ക്ക് അനുകൂല വിധിയുണ്ടാകുകയും നിയമസഭാംഗത്വം പുനഃസ്ഥാപിച്ച് നല്‍കുകയും ചെയ്തു.
തുടര്‍ന്നാണ് കേരളത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ അധികാരമുള്ള കിര്‍ത്താഡ്സിനെ ഡി. കുമാര്‍ സമീപിച്ചത്. ഇനി സ്ക്രൂട്ടിനിംഗ് കമ്മിറ്റിയാണ് തുടര്‍നടപടികള്‍ കൈക്കൊള്ളേണ്ടതെന്നും എസ്. അശോകന് പറഞ്ഞു. അനധികൃതമായി കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എത്ര വൈകിയാലും സത്യം തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ഡി. കുമാറും പ്രതികരിച്ചു. അഡ്വ. റെജി ജി. നായരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Vigilance Report Nattuvishesham DistrictNews DeepikaNews