പ്രതീകാത്മക ചിത്രം
കൊല്ലം : നാടക കലാകാരന്മാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ കൊല്ലം കലാഗ്രാമം കൊല്ലം കോര്‍പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൊല്ലം നാടകോത്സവം -രംഗവസന്തം നാളെ മുതല്‍ 17 വരെ സോപാനം ഓഡിറ്റോറിയത്തില്‍ നടക്കും. 16 നാടകങ്ങള്‍ മേളയില്‍ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.45നാണ് നാടകം തുടങ്ങുന്നത്. പ്രവേശനം സൗജന്യം.
നാടകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം ആറിന് സെമിനാറുകള്‍, മുഖാമുഖം, കലാപ്രകടനം എന്നിവയും സംഘടിപ്പിക്കും. നാടകോത്സവത്തിന്റെ ഉദ്ഘാടനം നാളെ 5.30ന് മേയര്‍ എ.കെ. ഹഫീസ് നിര്‍വഹിക്കും. കലാഗ്രാമം പ്രസിഡന്റ് ബാലചന്ദ്രന് ജൂപ്പിറ്റര്‍ അധ്യക്ഷത വഹിക്കും. സുന്ദരന്‍ കല്ലായിയെ ഡപ്യൂട്ടി മേയര്‍ ഡോ. ഉദയ സുകുമാരന്‍ ആദരിക്കും. കോര്പറേഷന് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.എസ്. ഗോപകുമാര്‍, പ്രതാപ് ആര്. നായര്‍, ജയചന്ദ്രന് ഇലങ്കത്ത്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി. സജിനാഥ് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് 6.45ന് തൃശൂര്‍ ഡ്രീം കേരളയുടെ ഊരുവലം എന്ന നാടകം നടക്കും.രണ്ടിന് ഓച്ചിറ സരിഗയുടെ സരയുവിന്റെ സ്കൂട്ടര്‍, മൂന്നിന് കോട്ടയം സുരഭിയുടെ മധുരം, നാലിന് കായംകുളം പീപ്പിള്‍സ് തിയറ്റേഴ്സിന്റെ ചാപ്ലിന് കുഞ്ഞൂട്ടന്, അഞ്ചിന് അമ്പലപ്പുഴ സാരഥിയുടെ ഞാന്‍ അപ്രസക്തന്‍, ആറിനു കോഴിക്കോട് രംഗഭാഷയുടെ ഒരുക്കം, എട്ടിന് തിരുവനന്തപുരം മലയാള നാടകവേദിയുടെ ഒരു സുന്ദര ദിവസം, ഒമ്പതിന് തിരുവനന്തപുരം സൗപര്‍ണികയുടെ പടയോട്ടം, 10ന് വടകര വരദയുടെ ഇരുട്ടിന്റെ ആത്മാവ്, 11ന് തിരുവനന്തപുരം സചേതനയുടെ ഡാം, 12ന് അമ്മ തിയറ്റര്‍ പീപ്പിളിന്റെ ആള്‍മരം, 13ന് ആലപ്പുഴ സൂര്യകാന്തിയുടെ ജീവന്റെ ജീവന്, 14ന് എസ്എസ് നടനസഭയുടെ ഈശ്വരന്റെ തിരക്കഥ, 15ന് തിരുവനന്തപുരം കലാനിധിയുടെ വാച്ചാത്തി, 16ന് ഗുരുവായൂര്‍ ഗാന്ധാരയുടെ മഗധ, 17ന് കൊല്ലം അശ്വതീഭാവനയുടെ മായാവര്ണം എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക.
16ന് വൈകുന്നേരം 5.30ന് സമാപന സമ്മേളനം വിഷ്ണു മോഹന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ആനി ജൂല തോമസ് മുഖ്യപ്രഭാഷണവും പുരസ്കാര വിതരണവും നിര്‍വഹിക്കും. കലാഗ്രാമം സെക്രട്ടറി എം. സൈഫുദീന്‍ അധ്യക്ഷത വഹിക്കും. പത്രസസമ്മേളനത്തില്‍ മേയര്‍ എ.കെ. ഹഫീസ്, ഡപ്യൂട്ടി മേയര്‍ ഡോ. ഉദയ സുകുമാരന്‍, കലാഗ്രാമം പ്രസിഡന്റ് ബാലചന്ദ്രന് ജൂപ്പിറ്റര്‍, ജനറല്‍ സെക്രട്ടറി എസ്.ആര്. ഷറഫുദീന്‍ പ്രോഗ്രാം കണ്‍വീനര്‍ ആര്. അനിത എന്നിവര്‍ പങ്കെടുത്തു.
Tags :