തൃശൂർ: യേശുവിന്റെ അവസാനത്തെ അത്താഴത്തിന്റെ കഥകളി ആവിഷ്കാരമായ ദാവിഞ്ചിപ്പൊരുൾ ഏപ്രിൽ ഒന്നിനു വൈകീട്ട് അഞ്ചിനു റീജണൽ തിയറ്ററിൽ അരങ്ങേറും. ചിത്രകാരനായ ഫ്രാൻസിസ് ആന്റണി കോടങ്കണ്ടത്തിന്റെ ഡീകോഡിംഗ് ദാവിഞ്ചി ചിത്രപരമ്പരയെ അടിസ്ഥാനമാക്കി രാധ മാധവൻ ആട്ടക്കഥയെഴുതി പദ്മശ്രീ സദനം ബാലകൃഷ്ണൻ സംവിധാനംചെയ്ത് വണ്ടൂർ ആംഗികം കലാകേന്ദ്രമാണു കഥകളി അവതരിപ്പിക്കുന്നത്. വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ കലാസദന്റെ സഹകരണത്തോടെയാണ് അവതരണം.
ഇന്ദുജ ചെറുളിയിൽ (മഗ്ദലനമറിയം), ഹരികേദാർ മേലേടം (യേശുക്രിസ്തു), പീശപ്പിള്ളി രാജീവ് (ദാവിഞ്ചി), കലാമണ്ഡലം മനോജ് (യൂദാസ്), വിഷ്ണു വെള്ളക്കാട്, സാവേരി മേലേടം (ദാവിഞ്ചിയുടെ ശിഷ്യർ) തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്നു. 1.40 മണിക്കൂർ ദൈർഘ്യമുള്ള അവതരണത്തിൽ 16പേരാണു വേഷമിടുന്നത്. സദനം ശിവദാസ്, ശ്രീദേവൻ ചെറുമുറ്റം (സംഗീതം), കലാമണ്ഡലംസുധീഷ് (ചെണ്ട), ബിജു ആറ്റുപുറം (മദ്ദളം), കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ഷിബു (ചുട്ടി), മഞ്ജുതര മാങ്ങോട് (കോപ്പ്) എന്നിവർ പിന്നണിയിലുണ്ടാകും. ചടങ്ങിൽ ഫ്രാൻസിസ് കോടങ്കണ്ടത്ത് രചിച്ച ശേഷിക്കുന്നവർ എന്ന പുസ്തകം സത്യൻ അന്തിക്കാട് പ്രഫ. പി.സി. തോമസിനു നൽകി പ്രകാശനം ചെയ്യും.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ കുര്യാക്കോസ്, മേയർ നിജി ജസ്റ്റിൻ, ഷെവലിയർ സി.എൽ. ജോസ്, സത്യൻ അന്തിക്കാട്, കരിവള്ളൂർ മുരളി എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ വൈഎംസിഎ പ്രസിഡന്റ് ജോജു മഞ്ഞില, ട്രഷറർ ഷാജി ചെറിയാൻ, ജനറൽ സെക്രട്ടറി ജിൽസൺ ജോസ്, ആർട്ടിസ്റ്റ് ഫ്രാൻസിസ് ആന്റണി കോടങ്കണ്ടത്ത്, കലാസദൻ പ്രസിഡന്റ് ബാബു കവലക്കാട്ട് എന്നിവർ പങ്കെടുത്തു.
Tags : Last Supper nattuvishesham local news