നഗരസഭാ കൗണ്‍സില്‍ യോഗം.
തൊടുപുഴ: നഗരസഭയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് യുഡിഎഫിലുണ്ടായ ഭിന്നതയില്‍ മഞ്ഞുരുകല്‍. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച നടത്തിയാണ് പരിഹരിച്ചത്. കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുകയും യുഡിഎഫിനുതന്നെ നാണക്കേടാകുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു പിന്നാലെ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പദ്ധതി നിര്‍വഹണം മാത്രമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.
കഴിഞ്ഞ കൗണ്‍സില്‍ യോഗം ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് ബന്ധം വഷളായിരുന്നു. ലീഗ് അംഗമായ ചെയര്‍പേഴ്സണ്‍ സാബിറ ജലീലിനെതിരേ ഇതേ പാര്‍ട്ടി അംഗമായ സഫിയ ജബ്ബാറും കോണ്‍ഗ്രസ് അംഗം രാജേഷ് ബാബുവും കൈക്കൂലി ആരോപണം ഉയര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. ആരോപണമുന്നയിച്ച സഫിയ ജബ്ബാറിനെ ഏതാനും ദിവസം മുമ്പ് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, രാജേഷ് ബാബുവിനെതിരേ കോണ്‍ഗ്രസ് അച്ചടക്കനടപടികള്‍ സ്വീകരിച്ചില്ല. ഭരണമുന്നണിയിലെ അംഗങ്ങള്‍തന്നെ ചെയര്‍പേഴ്സണെതിരേ ആരോപണം ഉന്നയിച്ചതോടെയാണ് നഗരസഭാ പ്രവര്‍ത്തനംതന്നെ താറുമാറാകുന്ന നിലയിലെത്തിയത്.
രാജേഷ് ബാബു മാപ്പുപറയാതെ അധ്യക്ഷപദവിയില്‍ ഇരിക്കില്ലെന്നു വ്യക്തമാക്കിയാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍നിന്നു ചെയര്‍പേഴ്സണ്‍ ഇറങ്ങിപ്പോയത്. ചെയര്‍പേഴ്സണോടൊപ്പം ലീഗിലെ നാലു കൗണ്‍സിലര്‍മാരും യോഗം ബഹിഷ്കരിച്ചു. എ.എം. ഹാരിദ്, സഫിയ ജബ്ബാര്‍ എന്നിവര്‍ കൗണ്‍സിലില്‍ തുടരുകയും ചെയ്തു. ഇതിന്റെ പേരില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍തന്നെ രണ്ടു തട്ടിലാകുകയും നഗരസഭയുടെ വികസനം അവതാളത്തിലാകുകയും ചെയ്തതോടെയാണ് പ്രശ്നം പരിഹരിക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന്, ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ്, മുസ്ലിം ലീഗ് നേതാവ് കെ.എം.എ. ഷുക്കൂര്‍, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
വലിയ ഭൂരിപക്ഷം ലഭിച്ചിട്ടും ഭരണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തതിലെ അതൃപ്തി നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. ആരോപണവിധേയയായ ചെയര്‍പേഴ്സണും ഉന്നയിച്ച രാജേഷ് ബാബുവും തങ്ങളുടെ നിലപാടുകള്‍ യോഗത്തെ അറിയിച്ചു. തുടര്‍ന്ന് അനാവശ്യ ആരോപണങ്ങളിലും വിവാദങ്ങളിലുംനിന്നും അംഗങ്ങള്‍ പിന്മാറണമെന്നും പരസ്പരധാരണയോടെ തുടരണമെന്നും നിര്‍ദേശമുയര്‍ന്നു. ഇത് ഇരു കൂട്ടരും അംഗീകരിച്ചതോടെയാണ് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടത്. ഇത്തരം വിഷയങ്ങള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മാത്രമേ അവതരിപ്പിക്കാവു. കൗണ്‍സിലില്‍ ഉള്‍പ്പടെ ചര്‍ച്ചയാക്കരുതെന്നും നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കര്‍ശന അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും നേതാക്കള്‍ അംഗങ്ങള്‍ക്കു മുന്നറിയിപ്പു നല്കി.
Tags :