പുലിയെ കാണപ്പെടുന്ന പാലക്കുഴി ആശ്രമത്തിനു മുകൾഭാഗത്ത് വനംവകുപ്പും നാട്ടുകാരും ചേർന്ന് രാത്രികാലങ്ങളിൽ നടത്തുന്ന പട്രോളിംഗ്.
വടക്കഞ്ചേരി: മലയോരമേഖലയായ പാലക്കുഴിയിൽ പുഷ്പഗിരി ആശ്രമത്തിന്റെ മുകൾ ഭാഗത്ത് കാണപ്പെടുന്ന പുലിയെ തുരത്താൻ വനം വകുപ്പിന്റെ രാത്രികാല പട്രോളിംഗിനൊപ്പം പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാരും. കഴിഞ്ഞ രാത്രികളിൽ ആലത്തൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. സുബൈർ, പഞ്ചായത്ത് മെംബർ റെൻസി ജോയ്സ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരും പുലിയെ ഓടിക്കാൻ ശ്രമം നടത്തിയിരുന്നു. നാട്ടുകാർ കണ്ടത് പുലിതന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വനംവകുപ്പും വിഷയത്തിൽ ഇടപ്പെട്ട് ഒപ്പമുള്ളത്.
ആദ്യ ദിവസം പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെ ഒളകര ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ച് ഓഫീസർ ബി.എസ്. ഭദ്രകുമാറിന്റെ നേതൃത്വത്തിലും പട്രോളിംഗുണ്ടായിരുന്നു. പുലി കമ്പിവേലിയിൽ കുടുങ്ങി രക്ഷപ്പെട്ടതിന്റെ ലക്ഷണങ്ങളും പ്രദേശത്തുണ്ട്.
രാത്രിസമയം പാലക്കുഴി റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അപായ സാഹചര്യമുണ്ടായാൽ വനംവകുപ്പിനെ വിവരം അറിയിക്കണമെന്ന് അധികൃതർ പറഞ്ഞു.
പാലക്കുഴിയിൽ പുലിയെ കണ്ടതിനു താഴെ റോഡിൽ തെരുവുവിളക്കുകൾ ഇല്ലാത്തത് പരിഹരിക്കുമെന്ന് റേഞ്ച് ഓഫീസർ എൻ. സുബൈർ പറഞ്ഞു. പഞ്ചായത്ത് മെംബറുടെ അപേക്ഷയിൽ സോളാർ വിളക്കുകൾ സ്ഥാപിക്കും. താണിചുവട് ഭാഗത്തെ സോളാർ ലൈറ്റ് തെളിയിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തോട്ടങ്ങളിലെ പൊന്തക്കാടുകൾ വെട്ടിത്തെളിക്കണം. കാട് വളർന്നാൽ അവിടെ വന്യമൃഗങ്ങൾ താവളമാക്കുകയും തീറ്റ തേടി പ്രദേശത്ത് കറങ്ങാനും സാധ്യത കൂടുതലാണെന്നും വനം വകുപ്പ് അധികൃതർ പറയുന്നു. പീച്ചി വനാതിർത്തിയിൽ തൂക്കുവേലി സ്ഥാപിച്ച് ആനപ്പേടിക്ക് ആശ്വാസമായപ്പോഴാണ് പാലക്കുഴിക്കാരുടെ ഉറക്കം കളയാൻ പുലി എത്തിയിട്ടുള്ളത്.
Tags : Nattuvishesham District news