മാനന്തവാടിയിൽ ബ്രഹ്മസ്ഥാന മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ മാതാ അമൃതാനന്ദമയി.
മാനന്തവാടി: സദ്കർമങ്ങൾ ചെയ്യുന്പോൾ ജീവിതം പ്രസക്തമാകുമെന്ന് മാതാ അമൃതാനന്ദമയി. മാതാ അമൃതാനന്ദമയീ മഠത്തിൽ ബ്രഹ്മസ്ഥാന മഹോത്സവത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അവർ. പ്രകൃതിയോടും മനുഷ്യരോടും മറ്റു ജീവജാലങ്ങളോടുമുള്ള ധർമം നിറവേറുന്നതിനെയാണ് നല്ല കർമങ്ങൾ എന്ന് പറയുന്നത്. സൃഷ്ടിയുടെ ആരംഭം മുതൽ പ്രകൃതി, അല്ലെങ്കിൽ ഈശ്വരശക്തി നമ്മളെ പല നല്ല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങിയതാണ്. അവയൊക്കെ വേണ്ടവിധം പഠിച്ചിരുന്നെങ്കിൽ ഇന്നു നേരിടുന്ന പല സങ്കീർണ പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.
മഹോത്സവത്തിന്റെ ആദ്യ ദിനത്തിൽ രാവിലെ 11 ഓടെ യജ്ഞവേദിയിൽ അവരെ എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ, മാതൃഭൂമി മാനേജിംഗ് എഡിറ്റർ എം.വി. ശ്രേയാംസ്കുമാർ, പള്ളിയറ രാമൻ, സ്വാമി ഹംസാനന്ദപുരി, സ്വാമി രവിചരണാനന്ദഗിരി, അഡ്വ.പി. ചാത്തുക്കുട്ടി തുടങ്ങിവർ ഹാരാർപ്പണം ചെയ്തു. അമൃതശ്രീ അംഗങ്ങൾക്കുള്ള ധനസഹായ-സാരി വിതരണം നടന്നു. ഭജന, ധ്യാനം, വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായിരുന്നു. അമലഭാരതം പദ്ധതിയുടെ ഭാഗമായി യജ്ഞവേദിയും പരിസരവും ശുചിയാക്കി.
Tags :