നെടുങ്കണ്ടം: കാറ്റിലും മഴയിലും നെടുങ്കണ്ടം മേഖലയില്‍ കനത്ത നാശം. കാറ്റിനെത്തുടര്‍ന്ന് കവുന്തിയില്‍ വീട് തകര്‍ന്നു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് മേഖലയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. കവുന്തി മങ്ങാട്ടുപൊയ്കയില്‍ ബാബുവിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. മേല്‍ക്കൂര പൂര്‍ണമായും കാറ്റെടുത്തു. വീടിന്റെ ഭിത്തിക്കും വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ബാബുവിന്റെ അമ്മയും ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കുമളി - മൂന്നാര്‍ സംസ്ഥാന പാതയില്‍ ചേമ്പളത്ത് വന്മരം വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണു.
നിരവധി വൈദ്യുതി പോസ്റ്റുകൾ തകര്‍ന്നിട്ടുണ്ട്. മരം വീണതിനെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു.
കല്ക്കൂന്തല്, ഉടുമ്പന്‍ചോല, പാറത്തോട് എന്നിവിടങ്ങളിലും ഇടിമിന്നലിലും കാറ്റിലും മഴയിലും വ്യാപകമായ നാശം ഉണ്ടായിട്ടുണ്ട്. മിന്നലിനെത്തുടര്‍ന്ന് നിരവധി വീടുകളില്‍ വീട്ടുപകരണങ്ങളും വയറിംഗും കത്തിനശിച്ചു. മരം വീണ് നിരവധി വൈദ്യുതി ലൈനുകളും ഇവിടെ തകര്‍ന്നു. അതിശക്തമായ കാറ്റിനെത്തുടര്‍ന്ന് കാര്‍ഷിക മേഖലയിലും നഷ്ടം നേരിട്ടിട്ടുണ്ട്.