പ്രതീകാത്മക ചിത്രം
കാസർഗോഡ്: സംസ്ഥാനത്തെ ഉൾനാടൻ മത്സ്യസമ്പത്തിന്റെ നാശം തടയാൻ പ്രാദേശിക തലത്തിലുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന് കുഫോസ് നോളജ് സെന്റർ അസോസിയേറ്റ് ഡയറക്ടർ ഡോ. സി.പി. ഷാജി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി നടത്തുന്ന വെബിനാർ പരമ്പരയുടെ ഭാഗമായി കേരളത്തിലെ ഉൾനാടൻ മത്സ്യ സമ്പത്ത് നേരിടുന്ന ഭീഷണിയും പരിഹാരവും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധിനിവേശ മത്സ്യങ്ങൾ വർധിക്കുന്നതും മൺസൂൺ കാലത്ത് മത്സ്യങ്ങളുടെ പ്രജനന ഇടങ്ങളായ കൈത്തോടുകളും പാടശേഖരങ്ങളും കുളങ്ങളും കുറഞ്ഞുവരുന്നതും ഉൾനാടൻ മത്സ്യസമ്പത്തിന്റെ ശോഷണത്തിനു പ്രധാന കാരണമാണ്. പുഴയോടു ചേർന്ന ചതുപ്പുനിലങ്ങളും വയലുകളും നശിപ്പിക്കപ്പെടുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെ ഗണ്യമായി ബാധിച്ചു. ഊത്തപിടിത്തവും മറ്റൊരു ഭീഷണിയാണ്.
പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ ഉൾനാടൻ മത്സ്യസമ്പത്തിനെ സംരക്ഷിക്കാൻ പഞ്ചായത്തുകളിലെ ജൈവവൈവിധ്യ പരിപാലന സമിതികൾ നേതൃത്വം നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി.എം. അഖില, പി.കെ. മുകുന്ദൻ, ടി.എം. സുസ്മിത, ശ്രീലത കാടകം എന്നിവർ പ്രസംഗിച്ചു.
Tags : inland fish Nattuvishesham District News