അഹമ്മദ്
പൂച്ചാക്കൽ: സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ നൽകിയ പ്രതി പിടിയിൽ. നിരോധിത പുകയില ഉത്പന്നമായ 1600 പാക്കറ്റ് ഹാൻസ് സ്കൂൾ കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി കൈവശം സൂക്ഷിച്ചതിന് അരൂക്കുറ്റി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ തെക്കേ ഇടപ്പറമ്പ് വീട്ടിൽ അഹമ്മദ് ഹാഷിം(51) ആണ് കഴിഞ്ഞദിവസം വടുതല കുണ്ടേക്കടവ് ഭാഗത്ത് വച്ച് പൂച്ചാക്കൽ പൊലിസിന്റെ പിടിയിലായത്.
തൂഫാൻ ലഹരി നിർമാർജന പദ്ധതിയുടെ ഭാഗമായി നടത്തിയ പട്രോളിംഗിനിടയിലാണ് പ്രതി ഉപയോഗിച്ചിരുന്ന സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന ലഹരി വസ്തു പിടികൂടിയത്. സ്കൂൾ കുട്ടികൾക്ക് വിൽപന നടത്തുന്നതായി കാണപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീടിന്റെ കോമ്പൗണ്ടിലും നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
പൂച്ചാക്കൽ പൊലിസ് സ്റ്റേഷൻ സ്റ്റേഷൻ എസ്എച്ച്ഒ പി.റ്റി. ലിജിമോളുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags : supplying tobacco products nattuvishesham district news deepika news Man arrested for supplying tobacco products