പാലാ: ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേ കടന്നുപോകുന്ന കൊട്ടാരമറ്റം ജംഗ്ഷന് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന ഇടമാണ്. ജനറല്‍ ആശുപത്രിക്കു സമീപമുള്ള ആര്‍വി പാര്‍ക്ക് ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന റിവര്‍ വ്യൂ റോഡ് സന്ധിക്കുന്നതും കൊട്ടാരമറ്റം സാന്തോം കോംപ്ലക്സിനു സമീപമാണ്.
റിവര്‍ വ്യൂ റോഡ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ റോഡ് പൂര്ത്തീയാവുകയും ശബരിമല സീസണ് ആരംഭിക്കുകയും ചെയ്താല്‍ കൊട്ടാരമറ്റം ജംഗ്ഷനില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
അതുപോലെ അരുണാപുരത്തുനിന്നു ടൗണിലേക്കുള്ള ബൈപാസ് റോഡ് വൈക്കം റോഡുമായി സന്ധിക്കുന്ന ആര്‍വി സെന്ററിലും എപ്പോഴും വലിയ തിരക്കാണ്. വീതി കുറഞ്ഞ നാല്ക്കവല ആയതിനാല്‍ പലപ്പോഴും അപകടങ്ങളും പതിവാണ്. ഇതിനൊരു പരിഹാരമായാണ് കൊട്ടാരമറ്റത്തുനിന്ന് ആര്‍വി സെന്ററിലേക്ക് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഫ്ളൈഓവര്‍.
വാഗമണ്‍ ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ കടപ്പാട്ടൂര്‍ ക്ഷേത്രം, ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരവധി ഭക്തര്‍ ദിനംപ്രതി യാത്ര ചെയ്യുന്നതുകൊണ്ട് സീസണില്‍ ഗതാഗതക്കുരുക്ക് പതിവാണെന്ന് ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ സപ്ളിമെന്ററി ബജറ്റില്‍തന്നെ സാധ്യതാ പഠനത്തിനായി പണം അനുവദിച്ചത്.
എറണാകുളത്തേക്കുള്ള നിര്‍ദ്ദിഷ്ട സൂപ്പര്‍ ഫാസ്റ്റ് ഹൈവേക്കുള്ള സാധ്യതാപഠനം നടത്തുന്ന നാറ്റ്പാക്കിനെയാണ് ഫ്ളൈ ഓവര്‍ പഠനത്തിനും ചുമതലപ്പെടുത്തിയിരിക്കുന്നത്.
സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ പഠനം പൂര്‍ത്തീകരിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാറ്റ്പാക്ക് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് പി.എന്‍. ശാലിനിയെയും ഡോ.എന്‍. വാസുദേവനെയും ചുമതലപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതായി മാണി സി. കാപ്പന് എംഎല്‍എ അറിയിച്ചു.
Tags :