മാന്നാനം: സെന്റ് ജോസഫ് ആശ്രമം പള്ളിയിൽ കടലുണ്ടി ഏൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ നയിക്കുന്ന ബൈബിൾ കൺവെൻഷൻ നാളെ തുടങ്ങും. 22ന് സമാപിക്കും. ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
നാളെ വൈകുന്നേരം നാലിന് ജപമാലയോടെ കൺവെൻഷന് തുടക്കമാകും. 4.30ന് സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ടോമി കാട്ടാമ്പള്ളിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 5.45ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ആറിന് വചന പ്രഘോഷണം, ആരാധന എന്നിവ നടക്കും.
തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുർബാന, 5.45ന് വചന പ്രഘോഷണം, ആരാധന എന്നിവ നടക്കും. രാത്രി ഒമ്പതിന് സമാപിക്കും. സിഎംഐ സഭയുടെ വികാരി ജനറാൾ ഫാ. ബെന്നി നൽക്കര, വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ഫിലിപ്പ് തയ്യിൽ, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ചീഫ് ഫിനാൻസ് ഓഫീസർ ഫാ. വർഗീസ് കേളംപറമ്പിൽ സിഎംഐ എന്നിവർ ഈ ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ മുഖ്യ കാർമികത്വം വഹിക്കും.
സിഎംഐ സഭയുടെ ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് ഒരുക്കമായി ആചരിക്കുന്ന മാധ്യമ വർഷത്തിലാണ് കൺവെൻഷൻ നടക്കുന്നത്. 20,000 ചതുരശ്രയടി വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന പന്തലിൽ രോഗികൾക്കും പ്രായമായവർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. മാന്നാനത്തുനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ആംബുലൻസ് ഉൾപ്പടെ മെഡിക്കൽ സംഘത്തിന്റെയും വോളന്റിയർ സംഘത്തിന്റെയും സേവനം സജ്ജമാണ്.
മാന്നാനം ആശ്രമം പ്രിയോറും സംഘാടക സമിതി രക്ഷാധികാരിയുമായ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജയിംസ് മഠത്തിൽചിറ സിഎംഐ, ചെയർമാൻ ബ്രദർ മാർട്ടിൻ പെരുമാലിൽ, ജനറൽ കൺവീനർ കെ.സി. ജോയി കൊച്ചുപറമ്പിൽ, പിആർഒ ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ സിഎംഐ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
Tags : Mannanam Bible Convention Nattuvishesham DistrictNews