വയനാട് ഗവ. മെഡിക്കൽ കോളജ് കവാടം.
മാനന്തവാടി: വയനാടിന്റെ ആരോഗ്യ മേഖലയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകിയാണ് വയനാട് മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിച്ചത്. ജില്ലയിലെ സാധാരണക്കാരായ ജനങ്ങൾക്ക് വിദഗ്ധ ചികിത്സയും മെച്ചപ്പെട്ട ആരോഗ്യസൗകര്യങ്ങളും സ്വന്തം നാട്ടിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മെഡിക്കൽ കോളജ് എന്ന ആശയം യാഥാർഥ്യമായത്. എന്നാൽ മെഡിക്കൽ കോളജ് എവിടെ സ്ഥാപിക്കണമെന്നതിനെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങൾ വീണ്ടും സജീവമാകുകയാണ്.
മാനന്തവാടിയിലെ ജില്ലാ ആശുപത്രി സംവിധാനത്തോടു ചേർന്ന് മെഡിക്കൽ കോളജ് പ്രവർത്തനം തുടരണമെന്ന ആവശ്യവും കൽപ്പറ്റ മടക്കിമലയിൽ പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നതോടെ ജില്ലയിൽ ചർച്ചകൾ ശക്തമായിരിക്കുകയാണ്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും മെഡിക്കൽ കോളജിന്റെ സ്ഥിരം കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പൂർണതയിലെത്താത്തത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2012ലെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് ഇത്രയും കാലമായിട്ടും സ്ഥിരം ക്യാന്പസ് യാഥാർഥ്യമാകാത്തത് വിമർശനങ്ങൾക്കും ഇടയാക്കുന്നു. നിലവിൽ മാനന്തവാടി ജില്ലാ ആശുപത്രി ക്യാന്പസിലാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്. 50 എംബിബിഎസ് സീറ്റുകളോടെയുള്ള പഠനസൗകര്യവും ആരംഭിച്ചിട്ടുണ്ട്.
സ്ഥലത്തെച്ചൊല്ലി രാഷ്ട്രീയ തർക്കം
മെഡിക്കൽ കോളജിന്റെ സ്ഥിരം ക്യാന്പസ് കൽപ്പറ്റയ്ക്ക് സമീപമുള്ള മടക്കിമലയിൽ സ്ഥാപിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയർത്തുന്നത്. അതേസമയം മാനന്തവാടിയിൽ തന്നെ മെഡിക്കൽ കോളജ് നിലനിർത്തണമെന്നാണ് വടക്കൻ വയനാട്ടിലെ വിവിധ സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. മടക്കിമലയിൽ 50 ഏക്കറോളം ഭൂമി ലഭ്യമാക്കാനുള്ള നീക്കങ്ങളും മാനന്തവാടിയിലെ അന്പുകുത്തിയിൽ 28 ഏക്കർ ഭൂമി കണ്ടെത്താനുള്ള നടപടികളും നേരത്തെ നടന്നിരന്നു. ഭൂമിയുടെ ലഭ്യതയും നിയമപരവും സാങ്കേതികവുമായ തടസങ്ങളും പദ്ധതിയുടെ പുരോഗതിയെ ബാധിക്കുന്നുണ്ട്.
മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ പാരിസണ്സ് എസ്റ്റേറ്റിൽ നിന്ന് 25 ഏക്കർ ഭൂമി സൗജന്യമായി ലഭ്യമാക്കാനുള്ള നിർദേശവും ഉയർന്നിട്ടുണ്ട്. എന്നാൽ ഭൂമിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ഉപാധികളും നിയമപ്രശ്നങ്ങളും സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു.
മുസ്ലിം ലീഗിലും അഭിപ്രായ ഭിന്നത
മെഡിക്കൽ കോളജിന്റെ സ്ഥാനം സംബന്ധിച്ച വിവാദം ഇപ്പോൾ മുസ്ലിം ലീഗിനുള്ളിലും അഭിപ്രായ ഭിന്നതയ്ക്ക് വഴിവച്ചിരിക്കുകയാണ്. മെഡിക്കൽ കോളജ് കൽപ്പറ്റയിൽ സ്ഥാപിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ നിലപാടിനെതിരേ മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്.
വയനാടിന്റെ ആരോഗ്യാവകാശം പ്രധാനമാകണം
ആദിവാസി വിഭാഗങ്ങളടക്കം നിരവധി സാധാരണക്കാർ താമസിക്ുന്ന വയനാട്ടിൽ വിദഗ്ധ ചികിത്സയ്ക്കായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. അടിയന്തര ചികിത്സയ്ക്കും സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്കുമായി കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലേക്ക് രോഗികളെ കൊണ്ടുപോകേണ്ടിവരുന്നത് വലിയ പ്രയാസമാണ്.
മെഡിക്കൽ കോളജിന്റെ സ്ഥാനം സംബന്ധിച്ച തർക്കങ്ങൾക്കപ്പുറം ആവശ്യമായ കെട്ടിടങ്ങൾ, ഡോക്ടർമാർ, നഴ്സുമാർ, ആധുനിക ചികിത്സാ സംവിധാനങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ എന്നിവ ഉറപ്പാക്കുകയാണ് പ്രധാനമെന്ന് പൊതുജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ തർക്കങ്ങൾക്കിടയിൽ വയനാടിന്റെ ആരോഗ്യരംഗത്തിന് ലഭിക്കേണ്ട വികസനം വൈകിപ്പിക്കരുതെന്നതാണ് പൊതുവായി ഉയരുന്ന ആവശ്യം.
മെഡി. കോളജിൽ ആധുനിക ചികിത്സാ സംവിധാനങ്ങൾ
വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ഹൃദ്രോഗ ചികിത്സ ഉൾപ്പടെ വിവിധ മേഖലകളിൽ ആധുനിക ചിിത്സാ സംവിധാനങ്ങൾ ഒരുക്കി. കാത്ത് ലാബ്, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ സൗകര്യങ്ങൾ ആരംഭിച്ചതോടെ ഹൃദ്രോഗ ചികിത്സയ്ക്കായി ജില്ലയ്ക്ക് പുറത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഒരു പരിധിവരെ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, എക്കോ കാർഡിയോഗ്രാം, ടിഎംടി, ഹോൾട്ടർ മോണിറ്ററിംഗ് തുടങ്ങിയ പരിശോധനകൾക്കും ചികിത്സകൾക്കും സൗകര്യമുണ്ട്. ഏഴ് കിടക്കകളുള്ള സിസിയു സംവിധാനവും ഒരുക്കിയിട്ടുണ്ട്. 2025ലെ കണക്കുകൾ പ്രകാരം 267 ആൻജിയോപ്ലാസ്റ്റികളും 471 ആൻജിയോഗ്രാം പരിശോധനകളും ഇവിടെ നടത്തിയിട്ടുണ്ട്.
ശസ്ത്രക്രിയാ രംഗത്തും മെഡിക്കൽ കോളജ് മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. 1.11 കോടി രൂപ ചെലവിൽ 4കെ ത്രീഡി ലാപ്രോസ്കോപിക് ശസ്ത്രക്രിയാ സംവിധാനവും ഒരുക്കി.
കുട്ടികൾക്കായി പീഡിയാട്രിക് ഐ.സി.യു., നവജാത ശിശുക്കൾക്കായി പ്രത്യേക പരിചരണ യൂണിറ്റ്, വൃക്കരോഗിൾക്കുള്ള ഡയാലിസിസ് യൂണിറ്റ്, നേത്രരോഗ വിഭാഗത്തിലെ ആധുനിക സൗകര്യങ്ങൾ എന്നിവയും ചികിത്സാ സംവിധാനങ്ങളുടെ ഭാഗമാണ്.
64 സ്ലൈസ് സിടി സ്കാനർ, ഓക്സിജൻ പ്ലാന്റുകൾ, ആധുനിക ലേബർ റൂം, എമർജൻസി വിഭാഗം, സിക്കിൾ സെൽ രോഗികൾക്കായുള്ള പ്രത്യേക യൂണിറ്റ്, എച്ച്പിഎൽസി പരിശോധനാ സംവിധാനം തുടങ്ങിയവയും മെഡിക്കൽ കോളജിന്റെ വികസന നേട്ടങ്ങളാണ്. ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി, നെഫ്രോളജി എന്നീ അഞ്ച് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കായി 15 തസ്തികകൾ അനുവദിച്ചതും ചികിത്സാ രംഗത്തെ പ്രധാന ചുവടുവയ്പ്പാണ്.
എന്നാൽ കോടികൾ ചെലവിട്ട് ഒരുക്കിയ സംവിധാനങ്ങൾ മുഴുവൻ രോഗികൾക്ക് പ്രയോജനപ്പെടുന്നുണ്ടോ, വിദഗ്ധ ഡോക്ടർമാരുടെ സേവനം എല്ലാ വിഭാഗങ്ങളിലും ലഭ്യമാണോ, 24 മണിക്കൂർ അടിയന്തര ചികിത്സ ഉറപ്പാക്കാൻ കഴിയുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമാണ്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം അവ പൂർണതോതിൽ പ്രവർത്തിപ്പിക്കുകയും ആവശ്യത്തിന് വിദഗ്ധ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുകയും ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Tags : Medical College Nattuvishesham DistrictNews DeepikaNews