മെഥനോൾ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയശേഷം എൻടിപിസി കായംകുളം പ്രോജക്ട് മേധാവി അസുതോഷ് ബിശ്വാസും എൻജിനിയർമാരും ജീവനക്കാരും.
ഹരിപ്പാട്: അഞ്ചരവർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം കായംകുളം എൻടിപിസി ഗ്യാസ് ടർബൈൻ-രണ്ട് വൈദ്യുതി ഗ്രിഡുമായി വിജയകരമായി സമന്വയിപ്പിച്ചു. ഇതോടൊപ്പം, മെഥനോൾ ഇന്ധനമാക്കി നടത്തിയ വൈദ്യുതി ഉത്പാദന പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി.
രാജ്യത്തെ ഊർജമേഖലയിൽ പുതിയ സംരംഭങ്ങൾക്ക് വഴിതുറക്കുന്ന സുപ്രധാന ചരിത്രനേട്ടമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.
പരമാവധി 40 മെഗാവാട്ട്
ഹൈ സ്പീഡ് ഡീസൽ ഉപയോഗിച്ചുള്ള പ്രാരംഭ ഫയറിംഗിനുശേഷമാണ് ടർബൈന്റെ പ്രവർത്തനം മെഥനോളിലേക്ക് സുഗമമായി മാറ്റിയത്. തുടർന്ന് ഏകദേശം മൂന്നരമണിക്കൂറോളം മെഥനോൾ ഉപയോഗിച്ച് ടർബൈൻ പ്രവർത്തിപ്പിക്കുകയും പരമാവധി 40 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷി വിജയകരമായി കൈവരിക്കുകയും ചെയ്തു.
ആകെ 360 മെഗാവാട്ട് ഉത്പാദനശേഷിയുള്ള നിലയത്തിലെ ഒരു യൂണിറ്റിലാണ് ഇപ്പോൾ പരീക്ഷണം നടത്തിയത്. മെഥനോൾ ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിന്റെ സാങ്കേതിക സാധ്യതയും പ്രായോഗികതയും ഈ പരീക്ഷണത്തിലൂടെ വിജയകരമായി തെളിയിക്കപ്പെട്ടു.
അടഞ്ഞുകിടന്നിട്ടും മികച്ച പരിപാലനം
നാഫ്തയുടെ ഉയർന്ന വില കാരണം ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് 2021 മാർച്ച് 31നാണ് നിലയത്തിന്റെ പ്രവർത്തനം പൂർണമായി നിർത്തിവച്ചത്. അഞ്ചു വർഷത്തിലധികം കാലം പ്രവർത്തനരഹിതമായി തുടർന്നിട്ടും യൂണിറ്റിന്റെ പ്രവർത്തനക്ഷമതയും യന്ത്രസാമഗ്രികളുടെ ആരോഗ്യസ്ഥിതിയും മികച്ച രീതിയിൽ സംരക്ഷിക്കാൻ കഴിഞ്ഞത് എൻടിപിസിയിലെ ജീവനക്കാരുടെയും എൻജിനിയർമാരുടെയും അർപ്പണബോധത്തിന്റെയും സാങ്കേതിക മികവിന്റെയും ഉത്തമ ഉദാഹരണമാണ്.
തുറക്കുന്നത് ഹരിത ഭാവി
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വൈദ്യുതി ഉത്പാദനത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണിത്. നാഫ്തയെ അപേക്ഷിച്ച് സൾഫർ ഡയോക്സൈഡ്, കാർബൺ ഡയോക്സൈഡ് എന്നിവയുടെ പുറന്തള്ളൽ വളരെ കുറവായതിനാൽ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞ ശുദ്ധമായ ഊർജമാണ് മെഥനോളിലൂടെ ലഭിക്കുന്നത്. കൂടാതെ, നഗര ഖരമാലിന്യങ്ങളിൽനിന്ന് ശാസ്ത്രീയമായി മെഥനോൾ ഉത്പാദിപ്പിക്കാനുള്ള സാധ്യതയുള്ളതിനാൽ ശുദ്ധമായ ഊർജോത്പാദനത്തിനൊപ്പം സംസ്ഥാനത്തെ മാലിന്യസംസ്കരണത്തിനും പുതിയ വാതിലുകൾ തുറക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.
നിലയത്തിലെ താപവൈദ്യുതി ഉത്പാദനം നിലച്ചിരുന്നെങ്കിലും കായലിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലോട്ടിംഗ് സോളാർ പ്ലാന്റിൽനിന്ന് നിലവിൽ 92 മെഗാവാട്ട് സൗരോർജം സംസ്ഥാനത്തിന് ലഭ്യമാക്കുന്നുണ്ട്.
പുതിയ മെഥനോൾ പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ പൂർണതോതിൽ നടപ്പാക്കുന്നതിന് വൈദ്യുതി വാങ്ങൽ കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എൻടിപിസി മാനേജ്മെന്റും അന്തിമ തീരുമാനമുണ്ടാകൂ. എൻടിപിസി കായംകുളം പ്രോജക്ട് മേധാവി അസുതോഷ് ബിശ്വാസിന്റെ നേതൃത്വത്തിൽ നിലയത്തിലെ ജീവനക്കാർ, എൻജിനിയർമാർ, സാങ്കേതിക വിദഗ്ധർ, എൻടിപിസിയുടെ വിവിധ നിലയങ്ങളിൽനിന്നും യൂണിറ്റുകളിൽനിന്നുമെത്തിയ വിദഗ്ധർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ ചരിത്രനേട്ടം യാഥാർഥ്യമായത്.