കോട്ടയം: ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനുള്ള ചുവടുവയ്പുമായി എംജി യൂണിവേഴ്സിറ്റി അന്താരാഷ്ട്ര ജോയിന്റ് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. സര്‍വകലാശാലാ കാമ്പസിലും അനുബന്ധ കോളജുകളിലുമായാണ് കോഴ്സുകള്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി, സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റി, ഗെന്റ് യൂണിവേഴ്സിറ്റി, ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റി (യുകെ) തുടങ്ങിയ വിഖ്യാത വിദേശ സര്‍വകലാശാലകളുമായി എംജി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.
കേരളത്തിലെ ഒരു പൊതു സര്‍വകലാശാല ആദ്യമായാണ് അന്താരാഷ്ട്ര ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് തുടക്കമിടുന്നത്. ആദ്യ അന്താരാഷ്ട്ര ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമായ മാസ്റ്റര്‍ ഓഫ് ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ കോഴ്സ് എറണാകുളം സെന്റ് തെരേസാസ് കോളജും (ഓട്ടോണമസ്) ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ആരംഭിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിരുദങ്ങള്‍ നേടാനുള്ള വര്‍ധിച്ചുവരുന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കമെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി. ടി. അരവിന്ദകുമാര്‍ പറഞ്ഞു.
ഈ പ്രോഗ്രാമുകളില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യക്കു പുറത്തുള്ള രണ്ട് അല്ലെങ്കില്‍ അതിലധികം കാമ്പസുകളില്‍ പഠനം നടത്താനുള്ള അവസരം ലഭിക്കും. വിദ്യാര്‍ഥികള്‍ എംജിയില്‍ പഠനം ആരംഭിച്ച് ഇതര സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കുകയും സംയുക്തമായോ അല്ലെങ്കില്‍ ഓരോ സ്ഥാപനത്തില്‍ നിന്നു പ്രത്യേകമായോ ബിരുദം നേടുകയും ചെയ്യും. മുഴുവന്‍ പഠനകാലവും വിദേശത്ത് ചെലവഴിക്കാതെ തന്നെ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
Tags : nattu vishesham MG University cooperation education