തീരദേശത്ത് നടത്തിയ മോക് ഡ്രിൽ.
വിഴിഞ്ഞം :കടൽ വഴിയും കരവഴിയും ആകാശ മാർഗേണയും ആക്രമണം. നാടിനെ നശിപ്പിക്കാൻ തയ്യാറെടുത്ത് ഒളിച്ചിരുന്ന ഭീകര വാദികളെ ഇന്ത്യൻ സൈന്യം "വെടിവച്ച് വീഴ്ത്തി', പൊതുജനം കാഴ്ച ക്കാരായി നിന്നു- ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസമായ "ഓസ്ട്രഹിന്ദിന്റെ' ഭാഗമായി അടിമലത്തുറയിലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ളിലും നടത്തിയ പ്രതീകാത്മക ഭീകരവേട്ടയാണ് തീരദേശവാസികൾക്ക് വേറിട്ട അനുഭവം നൽകിയത്.
ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഹെലികോപ്റ്റർ നിന്നും വടത്തിലൂടെ ഭൂമിയിലിറങ്ങുന്ന സൈനികർ , ഡിങ്കി ബോട്ടിൽ കടൽ വഴിയും ട്രക്കുകളിൽ കരമാർഗവും എത്തിയ സൈനീകർ കടൽക്കരയിലേക്ക് ഇരച്ചെത്തി. ഒടുവിൽശത്രുക്കൾ ഒളിച്ചിരിക്കുന്ന സ്ഥലം നോക്കി ഉന്നം തെറ്റാതെ വെടിവച്ച് എല്ലാവരെയും "വകവരുത്തി' സ്ഥലം സുരക്ഷിതമെന്ന് ഉറപ്പാക്കി ദൗത്യം പൂർത്തിയാക്കി. എല്ലാ തയ്യാറെടുപ്പുകൾക്ക് ശേഷം ഇന്നലെ രാവിലെ ഏഴോടെയാണ് അടിമലത്തുറ തീരത്തെ പ്രകടനത്തിന് സൈന്യം ഇറങ്ങിയത് കാഴ്ചക്കാരായി എത്തുന്ന പൊതുജനത്തിന്റെ സുരക്ഷക്കായി ബാരിക്കേഡുകൾ തീർത്തിരുന്നു.
ഒരു മണിക്കൂറോളം നീണ്ട പ്രകടനത്തിന് ശേഷം സംഘം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലക്ഷ്യമാക്കിത്തിരിച്ചു. അവിടെ തുറമുഖ കവാടത്തിലെ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്തുകയാണ് ലക്ഷ്യം. ഹെലി കോപ്റ്ററിൽ നിന്ന് വടത്തിന്റെ സഹായത്തോടെ കെട്ടിടത്തിൽ ഇറങ്ങിയ സൈനികർ മണിക്കൂറുകൾക്കുള്ളിൽ ദൗത്യം പൂർത്തിയാക്കിമടങ്ങി. കരസേനയുടെ കരയിലും കടലിലുമായുള്ള പരിശീലന പരിപാടി നാളെ തലസ്ഥാനത്ത് അവസാനിക്കാനിരിക്കെയാണ് ഇന്നലെ വിഴിഞ്ഞത്ത് പ്രകടനം അരങ്ങേറിയത്.
പ്രകടനത്തിനായി പങ്കെടുത്ത സംഘത്തിന് കരയിൽ പൊലിസും കടലിൽ തീരസംരക്ഷണ സേനയും തീരദേശ പൊലിസും സുരക്ഷയൊരുക്കി. തീരം കൂടാതെ വന മേഖലകൾ, ദ്വീപുകൾ എന്നിവിടങ്ങളും പരിശീലന വേദികളായിരുന്നു.ന്യൂസിലൻഡിൽ നിന്നുള്ള നിരീക്ഷക പ്രതിനിധി സംഘവും അഭ്യാസത്തിൽ പങ്കെടുക്കുന്നതായും അറിയുന്നു.
നാളെ വരെ നടക്കുന്ന അഭ്യാസത്തിൽ ഇന്ത്യൻ-ഓസ്ട്രേലിയൻ സൈന്യങ്ങളിൽ നിന്നായി ഏകദേശം 120 പേർ വീതമാണു പങ്കെടുക്കുന്നത്. ഇന്ത്യൻ ആർമിയുടെ ഗർവാൾ റൈഫിൾസിൽ നിന്നുള്ള സൈനികരും മറ്റു സായുധ, വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇന്ത്യൻ സംഘ ത്തിൽ ഉൾപ്പെടും. വനിതകൾ, ഡോഗ് സ്ക്വാഡ് വിഭാഗങ്ങളുൾപ്പെടെ പങ്കെടുക്കുന്നുണ്ട്.
Tags :