തകർന്നു കിടക്കുന്ന നടവയൽ-പരുവുമ്മേൽ കവല- പള്ളിത്താഴെ റോഡ്.
നടവയൽ: തകർന്ന നിലയിലുള്ള നടവയൽ-പരുവുമ്മേൽ കവല-പള്ളിത്താഴെ റോഡ് നവീകരണത്തിന് എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതി തേടിയതായി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചു.
ഏഴുവർഷം മുന്പ് ലക്ഷങ്ങൾ ചെലവഴിച്ച് ടാർ ചെയ്ത റോഡ് ഒരു വർഷം തികയും മുന്പേ തകർന്നിരുന്നു. ബീനാച്ചി-പനമരം റോഡ് നിർമാണത്തിന്റെ ഭാഗമായി നടവയൽ പള്ളിക്കയറ്റത്തിലെ കയറ്റം കുറയ്ക്കുന്നതിനായി വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെയാണ് റോഡ് കൂടുതൽ തകർന്നതെന്ന് നാട്ടുകാർ പറയുന്നു.
വാഹനങ്ങൾ തിരിച്ചുവിടുന്പോൾ റോഡ് തകരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് അവഗണിക്കപ്പെട്ടതായും ആക്ഷേപമുണ്ട്.
നിലവിൽ കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ വരാൻ മടിക്കുന്ന സാഹചര്യമാണ്. പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന നടവയൽ തീർഥാടനകേന്ദ്രത്തിലെ തിരുനാളിന് മുന്പായി റോഡ് ഗതാഗതയോഗ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Tags :