മേൽപ്പാലത്തിന്റെ അടിത്തറയ്ക്കായി എടുത്ത കുഴി കാടുമൂടിയ നിലയിൽ.
കാഞ്ഞങ്ങാട്: കല്യാൺ റോഡ് ജംഗ്ഷനിൽ ദേശീയപാതയ്ക്കു കുറുകെ നിർമിക്കുന്ന മേൽനടപ്പാലത്തിന് അടിത്തറ നിർമിക്കാനായി മറുവശത്തെ സർവീസ് റോഡിനോടു ചേർന്ന് മാസങ്ങൾക്കു മുമ്പെടുത്ത കുഴി അപകടക്കെണിയാകു ന്നു. കുഴിയെടുത്തതിനു തൊട്ടുപിന്നാലെ പുലർച്ചെ സർവീസ് റോഡിലൂടെ വന്ന ചരക്കുലോറി ഇതിനു മുകളിലേക്ക് തെന്നിമറിയുകയും ചെയ്തു. ഭാഗ്യംകൊണ്ടാണ് ആളപായമില്ലാതെ രക്ഷപ്പെട്ടത്.
അപകടം നടന്നയുടൻ കുഴിയുടെ വശങ്ങളിൽ കോൺക്രീറ്റ് ബാരിക്കേഡുകളും സൂചനാ ബോർഡുകളും സ്ഥാപിച്ചതു മാത്രമാണ് ദേശീയപാത നിർമാണ കരാറുകാർ ചെയ്ത ഒരേയൊരു കാര്യം. കുഴിയെടുത്തിട്ട് ഒരു വർഷം തന്നെ തികയാറായിട്ടും മേൽപ്പാലത്തിന്റെ അടിത്തറ പോലും ഒരുങ്ങിയിട്ടില്ല. അതിനു മുകളിൽ കോൺക്രീറ്റ് തൂൺ നിർമിക്കാനായി സ്ഥാപിച്ച കമ്പികൾ ഇപ്പോഴും കുഴിക്കു മുകളിൽ അപകടഭീഷണിയായി ഉയർന്നുനിൽക്കുന്നു. ലോറി മറിഞ്ഞ സമയത്ത് ഈ കമ്പികൾ ഡ്രൈവറുടെ മേൽ തുളഞ്ഞുകയറാതിരുന്നത് തലനാരിഴയ്ക്കാണ്. സ്വതവേ വീതി കുറഞ്ഞ സർവീസ് റോഡിന്റെ വീതി പിന്നെയും കുറച്ചുകൊണ്ടാണ് ഇവിടെ കുഴിയെടുത്തിരിക്കുന്നത്.
കുഴിയുടെ വശത്ത് സ്ഥാപിച്ച ബാരിക്കേഡിനും പ്രധാന പാതയുടെ കോൺക്രീറ്റ് പാർശ്വഭിത്തിക്കുമിടയിൽ ഞെരുങ്ങിക്കൊണ്ടാണ് സർവീസ് റോഡിലൂടെ വലിയ വാഹനങ്ങളടക്കം കടന്നുപോകുന്നത്. അടിത്തറയുടെ നിർമാണം പൂർത്തിയാക്കി കുഴി മൂടിയാൽ മാത്രമേ ഇവിടെ സർവീസ് റോഡിന് സാധാരണ വീതിയെങ്കിലും കിട്ടുകയുള്ളൂ.
മേൽനടപ്പാലത്തിനായി കൊണ്ടുവന്ന ഇരുമ്പ് ഗർഡറുകൾ ദേശീയപാതയിൽ മഴയും വെയിലും കൊണ്ട് തുരുമ്പിച്ച് കിടക്കാൻ തുടങ്ങിയിട്ടും മാസങ്ങളായി. ഇവിടെ നടപ്പാലത്തിന്റെ പണി വീണ്ടും തുടങ്ങാൻ എന്തു തടസമാണ് ഉള്ളതെന്ന് വ്യക്തമല്ല. കുഴിയിൽ സ്ഥാപിച്ച കമ്പികളും ഇപ്പോൾ ഏറെക്കുറെ തുരുമ്പെടുത്തു കഴിഞ്ഞു. ഇവയിൽ കാട്ടുവള്ളികൾ വളർന്നുമൂടാനും തുടങ്ങിയിട്ടുണ്ട്. വീണ്ടുമൊരു അപകടമുണ്ടാകാൻ കാത്തുനിൽക്കാതെ ഇവിടുത്തെ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും അടിയന്തര ശ്രദ്ധ പതിയണമെന്നാണ് ആവശ്യം.
Tags :