ഫ്രില്ലി
ആലപ്പുഴ: സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ബന്ധുവും അയൽവാസിയുമായ പ്രതി സെൻട്രൽ ജയിലിൽ. ആലപ്പുഴ ആര്യാട് പഞ്ചായത്ത് 16-ാം വാർഡിൽ തുമ്പോളി ആലക്കാട്ട്ശേരിൽ വീട്ടിൽ ഏലിയാമ്മ എന്നു വിളിക്കുന്ന ചിന്നമ്മയെ (80) കൊലപ്പെടുത്തിയ കേസിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി(39)ക്കാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എം. ഷുഹൈബ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 15 വർഷം വേറെയും തടവ് ശിക്ഷ വിധിച്ചു.
2010 ഓഗസ്റ്റ് 12 നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. ഏലിയാമ്മ ടീച്ചറിന്റെ നാല് മക്കളും ഭർത്താവും വിദേശത്തായിരുന്നു. ഏലിയാമ്മയും ജോലിക്കാരിയും മാത്രമാണ് തുമ്പോളിയിലെ വീട്ടിലുണ്ടായിരുന്നത്.
ജോലിക്കാരി വീട്ടിൽ പോയ സമയം അയൽവാസിയായ ഫ്രില്ലി, ഏലിയാമ്മയുടെ വീട്ടിലെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അടുക്കളത്തിണ്ണയിൽ കസേരയിൽ ഇരിക്കുകയായിരുന്ന ടീച്ചറെ, പ്രതി അടുക്കളഭാഗത്ത് എത്തി സ്നേഹപൂർവം നിർബന്ധിച്ചു വീടനുളളിൽ എത്തിച്ച് മുഖത്ത് മുളകുപൊടി വിതറി പിന്നിൽ നിന്ന് തള്ളി താഴെയിട്ടു. ശേഷം മൂർച്ചയേറിയ കത്തി ഉപയോഗിച്ച ്ഇരു കൈത്തണ്ടകൾ മുറിക്കുകയും കഴുത്തിൽ മുറിവുണ്ടാക്കുകയുമായിരുന്നു.
മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഫ്രില്ലി ഇവിടെ നിന്നു മടങ്ങിയത്. ആലപ്പുഴ നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.എ. തോമസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.