പ്രതീകാത്മക ചിത്രം
പാലാ: പാലാ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് ഹൈവേയുടെ സാധ്യതാപഠനത്തിന് ബജറ്റില്‍ തുക അനുവദിച്ചതായും നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയതായും മാണി സി. കാപ്പന് എംഎല്‍എ. നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടും എഡ്യുക്കേഷന്‍ ഹബ്ബായ പാലായെ എറണാകുളത്തിന്റെ സാറ്റലൈറ്റ് സിറ്റിയായി വികസിപ്പിക്കുന്നതിനുമാണ് നിര്‍ദിഷ്ട ഹൈവേ വിഭാവനം ചെയ്തത്.
ഒരു മണിക്കൂറില്‍ താഴെ സമയംകൊണ്ട് എറണാകുളത്തെത്താന്‍ കഴിയുന്ന സൂപ്പര്‍ ഫാസ്റ്റ് ഹൈവേ യാഥാര്‍ഥ്യമാക്കണമെന്ന മാണി സി. കാപ്പന്റെ ആവശ്യത്തിന് ധനകാര്യവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ അനുമതിയാണ് ഈ വര്‍ഷത്തെ അനുബന്ധ ബജറ്റില്‍ തുക അനുവദിക്കാന്‍ കാരണമായത്.
കാക്കനാട് ഇന്‍ഫോപാര്‍ക്ക്, കളക്ടറേറ്റ്, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് തിരക്ക് കൂടാതെയും ചുരുങ്ങിയ സമയം കൊണ്ടും എത്തിച്ചേരാന്‍ ഈ പാത സഹായിക്കും. വാട്ടര്‍ മെട്രോ, മെട്രോ റെയില്‍, കണ്ടെയ്നര്‍ ടെര്‍മിനില്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിവിധ ആശുപത്രികള്‍, വ്യാപാര-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തീര്‍ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് സുഗമയാത്ര സാധിക്കുന്നതോടൊപ്പം അവികസിത മേഖലകളുടെ പുരോഗതിക്കും നിര്‍ദിഷ്ട സൂപ്പര്‍ ഫാസ്റ്റ് ഹൈവേ സഹായിക്കും. യാത്രാസമയം കുറയുന്നതിലൂടെ വ്യാപാര-വ്യവസായ മേഖലകള്‍ക്കു ചരക്കുനീക്കത്തിനും പദ്ധതി വലിയ നേട്ടമാകുമെന്ന് മാണി സി. കാപ്പന് പറഞ്ഞു.
Tags :