കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗം.
കൽപ്പറ്റ: ജില്ലയിലെ ഗുരുതരമായ വരൾച്ചാ സാഹചര്യവും കാർഷിക മേഖലയിലെ ഉത്പാദനക്കുറവും പരിഹരിക്കാൻ സ്വാഭാവിക മഴവെള്ള സംഭരണ രീതികൾ രീതികൾ പ്രോത്സാഹിപ്പിക്കണമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. സ്വാഭാവിക മഴവെള്ള സംഭരണത്തിലൂടെ വരൾച്ചയെ അതിജീവിച്ച് മാതൃകാപരമായ കൃഷി നടത്തുന്ന പ്രാദേശിക കർഷകരുടെ മാതൃകകൾ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുന്നതിന് കർഷകരെ പ്രോത്സാഹിപ്പിക്കാൻ കൃഷി ഓഫിസർമാരും തദ്ദേശ സ്ഥാപനങ്ങളും മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ പെയ്ത മഴയിൽ ശരാശരി 28 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ കൂടിയതായും താപനില ഒരു ഡിഗ്രി സെൽഷ്യസ് വർധിച്ചാൽ കാർഷിക മേഖലയിൽ ഏകദേശം 10 ശതമാനം വരെ ഉത്പാദന നഷ്ടം ഉണ്ടാകാൻ സാധ്യതയുണെന്നും യോഗം വിലയിരുത്തി. ജില്ല അഭിമുഖീകരിക്കുന്ന വരൾച്ചാ സാഹചര്യത്തെയും കാർഷിക മേഖലയിലെ പ്രതിസന്ധികളെയും നേരിടാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ ആക്ഷൻ പ്ലാൻ തയാറാക്കാൻ യോഗത്തിൽ തീരുമാനമായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വാട്ടർ അഥോറിറ്റി, ഭൂജല-കൃഷി-വനം-മൃഗസംരക്ഷണ വകുപ്പ്, ഇറിഗേഷൻ, കഐസ്ഇബി, ബാണാസുര, കാരാപ്പുഴ പദ്ധതി പ്രതിനിധികളെ ഉൾപ്പെടുത്തി പ്രവർത്തനം ഉൗർജിതമാക്കും. വരൾച്ചാ പ്രതിരോധത്തിന് ജില്ലയിൽ അടിയന്തരമായി നടപ്പാക്കേണ്ട ചെറുകിട-ദീർഘകാല പദ്ധതികൾ തദ്ദേശ സ്വയംഭരണ തലത്തിൽ തയാറാക്കി 10 ദിവസത്തിനകം ജില്ലാ കളക്ടർ മുഖേന സർക്കാരിന് നൽകാൻ യോഗത്തിൽ തീരുമാനമായി.
ജില്ലയിൽ കേടുപാടുകൾ സംഭവിച്ച തടയണകളുടെ അറ്റകുറ്റപ്രവർത്തി, മണ്ണും ചെളിയും നീക്കൽ, പുതിയ ചെക്ക് ഡാമുകളുടെ നിർമാണം, ഡ്രിപ് ഇറിഗേഷൻ സ്കീമുകൾ എന്നിവ വേഗത്തിലാക്കും. മരം കൊണ്ടുള്ള ഷട്ടറുകൾക്ക് പകരം കൂടുതൽ ഈടുനിൽക്കുന്ന ഫൈബർ റെയിൻഫോഴ്സ് പ്ലാസ്റ്റിക് ഷട്ടറുകൾ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്ന് യോഗത്തിൽ മന്ത്രി അറിയിച്ചു.
കബനി, കാരാപ്പുഴ, ബാണാസുര സാഗർ ഡാമുകളിലെ ജലനിരപ്പ്, ജല ലഭ്യത യോഗം വിലയിരുത്തി. ഇറിഗേഷൻ വകുപ്പും മറ്റ് ഏജൻസികളും നിലവിൽ ഏറ്റെടുത്ത് പൂർത്തിയാകാത്ത എല്ലാ പ്രവൃത്തികളും അടിയന്തരമായി പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. വരൾച്ച രൂക്ഷമാകുന്നതോടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിക്കും ജീവനും ഭീഷണിയാകുന്നത് തടയാനും നീലഗിരി ബയോസ്ഫിയറുമായി അതിർത്തി പങ്കിടുന്ന വനമേഖലകളിൽ നിന്ന് വന്യമൃഗങ്ങൾ ജലാശയങ്ങൾ തേടി നാട്ടിലേക്കിറങ്ങുന്നത് തടയാനും വനം വകുപ്പിന്റെ പ്രത്യേക ഇടപെടൽ ഉറപ്പാക്കും.
കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, എഡിഎം കെ. അജീഷ്, ഡെപ്യൂട്ടി കളക്ടർ ഇ. സുരേഷ് ബാബു, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags :