പോളിഗാർഡനിലെ അന്തേവാസികൾക്കു ഭക്ഷണം വിളന്പുന്ന നവദന്പതികളായ നജീബും അൻസില തസ്നിയും.
ഒറ്റപ്പാലം: സ്വന്തം വിവാഹ സത്കാര ദിനത്തിൽ പോളിഗാർഡനിലെ അന്തേവാസികൾക്ക് സത്കാരമൊരുക്കി മാതൃകയായി നവദമ്പതികൾ.
അനങ്ങനടി പഞ്ചായത്തിലെ പാവുക്കോണത്തെ നെടുംകണ്ടത്തിൽ എൻ.കെ. മുഹമ്മദ് അലിയുടെയും ആയിഷയുടെയും മകനും ഒറ്റപ്പാലം അർബൻ ബാങ്ക് ജീവനക്കാരനുമായ നജീബും, അമ്പലപ്പാറ അടിച്ചിറ വീട്ടിൽ അഷ്റഫ് അലിയുടെയും നൗഷിജയുടെയും മകളായ അൻസില തസ്നിയുമാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്.
കഴിയുമെങ്കിൽ സത്കാരത്തിൽ പോളിഗാർഡനെ കൂടി പരിഗണിക്കൂ എന്ന ആശയം സുഹൃത്തും സഹപ്രവർത്തകനുമായ സഞ്ജീവ് പങ്കുവച്ചതോടെയാണ് സത്കാരം പോളിഗാർഡനിലെ അന്തേവാസികൾക്കും നൽകണമെന്ന് നജീബ് തീരുമാനിച്ചത്.
വീട്ടുകാരെയും പ്രതിശ്രുത വധു അൻസിലയെയും അറിയിച്ചപ്പോൾ അവർക്കും അത് വലിയ സന്തോഷമായി. ആദ്യം അന്ന് ഉച്ചക്ക് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നൽകുന്ന സത്കാരത്തിനുമുൻപ് നൽകാനായിരുന്നു ആലോചന.
എന്നാൽ പോളിഗാർഡനിൽ അറിയിച്ചപ്പോൾ അന്ന് ഉച്ചയ്ക്ക് അവിടെ ഒരു കൂട്ടായ്മ ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് സത്കാരം വൈകുന്നേരത്തേക്കു മാറ്റിയത്. വിവാഹ സത്കാര ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം വധൂവരന്മാരായ നജീബും അൻസില തസ്നിയും രക്ഷിതാക്കളോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം നേരിട്ട് പോളിഗാർഡനിലെത്തി അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി നൽകി.
സ്വയം വിളമ്പിക്കൊടുത്തും അവർക്കൊപ്പം സമയം പങ്കിട്ടും മനസ് നിറയ്ക്കുന്ന അനുഭവമാക്കി മാറ്റി നവദമ്പതികൾ.
വിവാഹ സത്കാരം കഴിഞ്ഞു ഉടൻ അതേദിവസം നവദമ്പതികൾ പോളിഗാർഡനിലെത്തുന്നത് ആദ്യമായാണെന്ന് പോളിഗാർഡനിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ജോജി എബ്രഹാം പറഞ്ഞു. പുറത്ത് എന്താഘോഷം നടന്നാലും പങ്കെടുക്കാൻ കഴിയാത്തവരാണ് പോളിഗാർഡനിലെ അന്തേവാസികൾ.
365 ദിവസവും മൂന്നു നേരവും ഏവർക്കും ഭക്ഷണം ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ഈ ചടങ്ങിലൂടെ നജീബും കുടുംബവും സമൂഹത്തിന് നൽകിയത്.
പോളിഗാർഡനിലെ അന്തേവാസികൾക്ക് ഭക്ഷണം, ദൈന്യംദിന ആവശ്യങ്ങൾക്കുള്ള സോപ്പ്, വാഷിംഗ് പൗഡർ, വസ്ത്രം, മരുന്ന്, പുതപ്പ് തുടങ്ങിയവ നൽകി സഹായിക്കാൻ 94462 10349, 94470 30349 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
Tags :