വാസവദത്ത എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ.
തൃശൂർ: സിനിമയിൽനിന്നു ലഭിക്കുന്ന പണം കൊണ്ടു കലാകാരൻമാരുടെ ക്ഷേമത്തിനു ചെറുതെങ്കിലും ഒരു സഹായം നൽകുക. കാരുണ്യ ക്രിയേഷൻസ് എന്ന സൗഹൃദക്കൂട്ടായ്മയ്ക്കു സിനിമയുടെ ലാഭമോഹങ്ങൾക്കും പ്രശസ്തിക്കുമപ്പുറം ലക്ഷ്യമുണ്ട്. സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഹിറ്റായതിനു പിന്നാലെ സമാനമായ ലക്ഷ്യത്തിൽ വലിയ കാൻവാസിൽ സിനിമകൾ നിർമിക്കുകയാണു സംവിധായകൻ ശ്യാം നാഥും കാരുണ്യ ക്രിയേഷൻസും.
സിനിമയിൽ മുൻനിരയിൽ നിൽക്കുന്നവരടക്കമുള്ളവരുടെ പിന്തുണയോടെ പുതുതായി ഒരുക്കുന്ന "വാസവദത്ത'യെന്ന സിനിമയാണ് എറ്റവും പുതിയ സംരംഭം. കുമാരനാശാന്റെ കരുണയെന്ന കാവ്യത്തിന്റെ ബദൽ പൊളിച്ചെഴുത്തെന്ന നിലയിലാണ് സിനിമയുടെ ചിത്രീകരണം വെങ്കിടങ്ങ് സ്വാമിയാർ മഠത്തിൽ പുരോഗമിക്കുന്നത്. പ്രധാന വേഷങ്ങളിലെത്തുന്നവർക്കു പുറമേ, നടൻ സുനിൽ സുഖദ, ടിവി പരിപാടികളിലൂടെ പ്രശസ്തരായ ജയകുമാർ, ഉണ്ണി എന്നിവരും വേഷമിടുന്നു.
മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച ജെറി അമൽദേവിന്റെ സംഗീതത്തിൽ ഗായകരായ മധു ബാലകൃഷ്ണൻ, ഗായത്രി, ജ്യോത്സന എന്നിവർ ആലപിക്കുന്ന ഗാനങ്ങളുമുണ്ടാകും. ഷെഫീഖ് ആണു ഛായാഗ്രാഹകൻ.
ലാലൂരിൽ മാലിന്യപ്രശ്നം കത്തിനിന്ന കാലത്തു -ലാലൂർ എന്ന ശാപഭൂമി-യെന്ന പേരിൽ ഡോക്യുമെന്ററിയും തമസോമ ജ്യോതിർഗമയ എന്ന ടെലിഫിലിമും ഉത്തരേന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങളെക്കുറിച്ചുള്ള -ഹിന്ദു നേഷൻ- എന്ന ഇംഗ്ലീഷ് ചിത്രവും ലാലൂർ സ്വദേശി ശ്യാം നാഥ് സംവിധാനം ചെയ്തിട്ടുണ്ട്.
ഗാന്ധിജി, അംബേദ്കർ, ഗോഡ്സേ എന്നിവർ കഥാപാത്രങ്ങളായിവന്ന തമസോമ ജ്യോതിർഗമയ വിവാദമായതിനെ തുടർന്നു പ്രദർശനം അനിശ്ചിതത്വത്തിലായിരുന്നു.
അവശകലാകാരൻമാർ, കലാപഠനം നടത്തുന്ന വിദ്യാർഥികൾ എന്നിവർക്ക് ചെറുതെങ്കിലും പന്തുണ നൽകുകയാണു സിനിമാ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ ഛായാഗ്രഹണ സഹായിയായിരുന്ന ശ്യാം പറഞ്ഞു.
Tags :