പ്രതീകാത്മക ചിത്രം
കുമളി: പാറമടകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പാസ് നല്‍കാതായതോടെ കുമളിയിലെ ക്രഷര്‍ യൂണിറ്റുകളും യാര്‍ഡുകളും കാലിയായി. തമിഴ്നാട്ടിലെ ക്വാറികളില്‍ കോണ്ടൂര്, ഡ്രോണ്‍ സര്‍വേകള്‍ നടക്കുന്നതിനാലാണ് ആഴ്ചകളായി പാസ് നല്‍കാത്തതെന്നാണ് വിവരം. സര്‍വേ പൂര്‍ത്തീകരിച്ച് പുതിയ പാസുകള്‍ നല്കിത്തുടങ്ങാന് ദിവസങ്ങളെടുത്തേക്കും.
പാറമണല്‍, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ഇവിടെ എത്തുന്നത് തമിഴ്നാട്ടിലെ ക്വാറികളില്‍നിന്നാണ്. ടോറസ് ലോറികളില്‍ വലിയ അളവില്‍ എത്തിക്കുന്ന ഉത്പന്നങ്ങള്‍ ചില്ലറവില്‍പ്പന നടത്തുന്ന ഒട്ടേറെ യാര്‍ഡുകൾ ഇതോടെ പ്രതിസന്ധിയിലായി. ഹൈറേഞ്ചില്‍ പാറമടകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ലോറേഞ്ചില്നിന്നുള്ള ഉത്പന്നങ്ങളെ ആശ്രയിക്കുകയാണ് പോംവഴി.
എന്നാല്‍ ലോ റേഞ്ചില്‍നിന്നുള്ള ഉയര്‍ന്ന വാഹനക്കൂലി ചെലവ് വര്‍ധിക്കുന്നതിനിടയാക്കും. വിദൂരസ്ഥലങ്ങളില്‍നിന്ന് എത്തിക്കുന്ന നിര്‍മാണ സാമഗ്രികള്‍ക്ക് ഉയര്‍ന്ന വില നല്കേണ്ടതിനാല് ഹൈറേഞ്ചിലെ നിര്‍മാണമേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഒട്ടേറെ പാറമടകള്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈറേഞ്ചില്‍ നിലവില്‍ ഏതാനും ചില മടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നിയമപ്രശ്നങ്ങളുടെ പേരില്‍ കുരുക്കുവീണ ഹൈറേഞ്ചിലെ ഖനന മേഖലയ്ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags : stone quarries Nattuvishesham District news