കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന പെരുമ്പാവൂരില്‍ ലഹരി വ്യാപനം തടയാനായി എക്സൈസ് നടത്തിയ ഓപ്പറേഷന് തണ്ടര്‍ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 505 എന്‍ഡിപിഎസ് കേസുകള്‍. ഓപ്പറേഷന് തണ്ടര്‍ ആരംഭിച്ച മേയ് അവസാനം മുതലുള്ള കണക്കാണിത്.
പ്രദേശത്ത് ലഹരി ഉപയോഗവും വില്പനയും വര്‍ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പിന്റെ തീവ്ര എന്‍ഡിപിഎസ് സ്പെഷല്‍ ഡ്രൈവായ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി ഇവിടെ പരിശോധന നടത്തിയത്.
ഇക്കാലയളവില്‍ ഈ പ്രദേശത്ത് എക്സൈസ് വകുപ്പ് 6,748 റെയ്ഡുകളാണ് നടത്തിയത്. ഇതില്‍ 313.867 കിലോ കഞ്ചാവും 1139.926 ഗ്രാം ഹെറോയിനും 1.615 കിലോ ഹാഷിഷ് ഓയിലും 20.339 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
അഞ്ച് കഞ്ചാവ് ചെടികളും 35 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും 65.750 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 6.500 ലിറ്റര്‍ ബിയറും പിടിച്ചെടുക്കുകയുണ്ടായി. 23 അബ്കാരി കേസുകളും കോപ്ട നിയമപ്രകാരം 104 കേസുകളും രജിസ്റ്റര്‍ ചെയ്തു.
തൊണ്ടി മുതലായി 72,600 രൂപ പിടിച്ചെടുക്കുകയുണ്ടായി. കോപ്ട നിയമപ്രകാരമുള്ള കേസുകളില്‍ 20,800 രൂപ പിഴ ഈടാക്കി. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍, വിദ്യാലയ- കോളജ് പരിസരങ്ങള്‍, ആളൊഴിഞ്ഞ കെട്ടിടങ്ങള്‍, പൊതുസ്ഥലങ്ങള്‍, ലഹരി ഇടപാടുകള്‍ക്ക് സാധ്യതയുള്ള മറ്റ് കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടരുകയാണ്.
Tags : nattu vishesham Operation Thunder Excise registers 505 NDPS cases