മാലിന്യം അടിഞ്ഞുകൂടിയ നിലയിൽ.
മലപ്പുറം: ജലാശയങ്ങളിലേക്കുള്ള മാലിന്യനിക്ഷേപം തടഞ്ഞ് ശുദ്ധജലം സംരക്ഷിക്കുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓപറേഷന് ജലസുരക്ഷ എന്ന പേരില്‍ പ്രത്യേക കാമ്പയിന്. ഇതിന്റെ ഭാഗമായി ജലാശയങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
കാമ്പയിന്റെഒന്നാം ഘട്ടമായി കേരള പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ നിയമങ്ങളിലെ ശിക്ഷാ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കും. നിലവില്‍ കുറ്റം ചെയ്യുന്നവരോട് ഇതില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെടും. ജനപ്രതിനിധികള്‍ വഴിയും ദൃശ്യ-ശ്രവ്യ-സാമൂഹിക മാധ്യമങ്ങള്‍ വഴിയും വ്യാപക പ്രചാരണം നടത്തും. രണ്ടാഴ്ചയ്ക്ക് ശേഷം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ 106 തദ്ദേശ സ്ഥാപനങ്ങളിലും ഒരേദിവസം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ പരിശോധന നടത്തും. കുറ്റക്കാര്‍ക്കെതിരേ പിഴ ചുമത്തുന്നതും കേസ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും.
നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവും 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം 9446700800 എന്ന വാട്സ്ആപ്പ് നമ്പറില്‍ പരാതിപ്പെടാം. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഈടാക്കുന്ന പിഴ തുകയുടെ 25 ശതമാനം പാരിതോഷികമായി നല്‍കും.