ചെങ്ങന്നൂർ നഗരസഭയിലെ എട്ടാം വാർഡ് ഇടനാട്ടിൽ വെള്ളം കയറിയപ്പോൾ .
ചെങ്ങന്നൂർ: മലയോര മേഖലകളിലും പ്രദേശത്തും പെയ്യുന്ന ശക്തമായ മഴയും മലയോര മേഖഖയിലെ ഉരുൾപൊട്ടലുംമൂലം പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ചെങ്ങന്നൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വെള്ളപ്പൊക്കം രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സജി ചെറിയാൻ എംഎൽഎ എത്തുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
പ്രളയത്തിലായിതാഴ്ന്ന പ്രദേശങ്ങൾ
ചെങ്ങന്നൂർ ഇടനാട് എട്ടാം വാർഡ് പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ആദ്യം രൂക്ഷമായത്. ആറ്റിൽനിന്നും കണ്ടത്തിൽനിന്നും ഒലിച്ചിറങ്ങിയ വെള്ളം സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വേഗത്തിൽ പടരുകയായിരുന്നു.
പുത്തൻകാവ്, ഇടനാട്, മംഗലം, അങ്ങാടിക്കൽ (12-ാം വാർഡ് കാട്ടിൽ കോളനി ഭാഗം) തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ വെള്ളം കയറി.
പാണ്ടനാട് പഞ്ചായത്തിലെ ആർകെ സ്കൂൾ പരിസരം, വെൺമണി ചാവടിതറ അമ്പലത്തിന് സമീപം, ആറാട്ടുപുഴ, സെന്റ് ആൻസ് സ്കൂളിന് പിൻവശം എന്നിവിടങ്ങളിലും വ്യാപകമായി വെള്ളം കയറി ദുരിതത്തിലായിട്ടുണ്ട്.
വെൺമണിയിൽ മരം വീണ് വീട് തകർന്നു; വീട്ടുകാർ
അദ്ഭുതകരമായി രക്ഷപ്പെട്ടു
കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെണ്മണി പഞ്ചായത്ത് നാലാം വാർഡിൽ ചിങ്ങംകൂട്ടത്തിൽ കുഞ്ഞുകുട്ടിയുടെ വീടിനു മുകളിലേക്ക് വൻമരം കടപുഴകി വീണു. അപകടത്തിൽ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. അപകടസമയത്ത് ഉള്ളിലുണ്ടായിരുന്ന വീട്ടുകാർ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ വീട്ടുപകരണങ്ങൾക്ക് വൻ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചുതുടങ്ങിയിട്ടുണ്ട്. നിലവിൽ പുത്തൻകാവിലും തിരുവൻവണ്ടൂരിലുമാണ് ക്യാമ്പുകൾ സജ്ജമാക്കിയിരിക്കുന്നത്.
പ്രളയ ഭീക്ഷണി : ദൂരിതാശ്വാസ ക്യാമ്പ്
ക്യാമ്പ് 1: ജിഎച്ച്എസ്എസ്. തിരുവൻവണ്ടൂർ- ആകെ കുടുംബങ്ങൾ: 5, ആകെ അന്തേവാസികൾ: 10, പുരുഷന്മാർ: 6, സ്ത്രീകൾ: 4, കുട്ടികൾ: 0, 60 വയസിന് മുകളിലുള്ളവർ: 9, ഗർഭിണികൾ / ഭിന്നശേഷിക്കാർ: ആരുമില്ല
ക്യാമ്പ് 2: എൽപി. സ്കൂൾ, പിരളശേരി
ആകെ കുടുംബങ്ങൾ: 7, ആകെ അന്തേവാസികൾ: 21, പുരുഷന്മാർ: 15, സ്ത്രീകൾ: 6, 60 വയസിന് മുകളിലുള്ളവർ: 7 (പുരുഷന്മാർ: 3, സ്ത്രീകൾ: 4), ആകെ (2 ക്യാമ്പുകൾ ചേർത്ത്):
ആകെ കുടുംബങ്ങൾ: 12
ആകെ ആളുകൾ: 31
പമ്പാ നദീതീരങ്ങളിലുള്ളവർ
അതീവ ജാഗ്രത പാലിക്കണം
ആലപ്പുഴ: കനത്ത മഴയായതിനാൽ പമ്പാ നദീതീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. കനത്ത മഴയെത്തുടർന്ന് പമ്പ, അച്ചൻകോവിൽ, മണിമലയാർ എന്നീ നദികളിലൂടെ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് വർധിക്കാൻ സാധ്യതയുണ്ട്. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെയും ഔദ്യോഗിക അറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായൽ അധികൃതരുടെ നിർദേശം പാലിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുന്നതിനുള്ള തയാറെടുപ്പുകൾ നടത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Chengannur submerged.