പാലാ: ദേശീയ പഞ്ചഗുസ്തി സീനിയര്‍ വനിതാ വിഭാഗത്തിൽ കേരളത്തിനായി വെങ്കല മെഡൽ നേടി പാലാ വള്ളിച്ചിറ സ്വദേശിനി ശോഭന ചന്ദ്രൻ അഭിമാനമായി. ഗുജറാത്ത് ഗാന്ധിനഗറിലെ രാഷ്ട്രീയ രക്ഷ സർവകലാശാല വേദിയായ ചാമ്പ്യൻഷിപ്പിൽ ഇടതു കൈ വിഭാഗത്തിലും വലതു കൈ വിഭാഗത്തിലും ശോഭന മെഡൽ നേടി.
രാഷ്ട്രീയ രക്ഷ സർവകലാശാലയും ആം റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയും ഗുജറാത്ത് ആം റെസ്ലിംഗ് സ്പോര്‍ട്സ് അസോസിയേഷനും സംയുക്തമായി നടത്തിയ ചാമ്പ്യൻഷിപ്പിലാണ് ശോഭനയുടെ നേട്ടം.
പാലായില്‍ നടന്ന ജില്ലാതല മത്സരത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ 80 വിഭാഗത്തില്‍ രണ്ട് സ്വര്‍ണവും വയനാട് നടന്ന സംസ്ഥാനതല മത്സരത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ 80 വിഭാഗത്തില്‍ രണ്ടു വെള്ളിയും സ്വന്തമാക്കിയാണ് ദേശീയ ചാമ്പ്യൻഷിപ്പിന് ശോഭന യോഗ്യത നേടിയത്. മുത്തോലി ആംസ് ഫിറ്റ് ജിമ്മിലെ അനൂപ് പുളിക്കലാണ് പരിശീലകൻ. ഹോമിയോ ഫാര്‍മസിസ്റ്റായ ശോഭന വള്ളിച്ചിറ കാലായിപ്പള്ളില്‍ കെ.ആർ. ചന്ദ്രശേഖരന്റെ ഭാര്യയാണ്.
Tags : nattu vishesham Panchagusti Shobhana