നെടുങ്കണ്ടം: ചെറിയ തകരാറിനെത്തുടർന്ന് അറ്റകുറ്റപ്പണിക്കായി മാറ്റിയ നെടുങ്കണ്ടം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് രണ്ടു വർഷമായി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ. അറ്റകുറ്റപ്പണി നടത്താനോ ഉപയോഗശൂന്യമായ വാഹനം ലേലം ചെയ്ത് ഒഴിവാക്കാനോ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനാൽ പൊതുമുതൽ നശിക്കുകയാണ്.
ചെറിയ തകരാർ പരിഹരിച്ച് വീണ്ടും നിരത്തിലിറക്കുന്നതിനാണ് വാഹനം മാറ്റിയിട്ടത്. എന്നാൽ കാലം കഴിയുംതോറും വാഹനത്തിന്റെ സ്ഥിതി കൂടുതൽ മോശമായി.
മഴയും വെയിലുമേറ്റ് രണ്ടു വർഷമായി കിടക്കുന്ന പിക്കപ്പ് ഇനി ഓടണമെങ്കിൽ നല്ല തുക മുടക്കേണ്ടി വരും. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ ഉപയോഗിക്കാമായിരുന്ന വാഹനമാണ് അധികൃതരുടെ അനാസ്ഥയിൽ ബാധ്യതയായത്.
വാഹനം ഉപയോഗയോഗ്യമല്ലെങ്കിൽ നിയമാനുസൃതമായി ലേലം ചെയ്ത് ഒഴിവാക്കേണ്ടതാണെങ്കിലും അതിനുള്ള നടപടികളും ഉണ്ടായിട്ടില്ല. അറ്റകുറ്റപ്പണിയില്ല, ലേലവുമില്ല എന്ന അവസ്ഥയിൽ രണ്ടുവർഷമായി വാഹനം ഒരേ സ്ഥലത്ത് കിടക്കുകയാണ്.
പഞ്ചായത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടിയിരുന്ന വാഹനം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടതിനു പിന്നിലെ സാഹചര്യം വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വാഹനം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാകുമോ, അതല്ലെങ്കിൽ ലേലം ചെയ്ത് ഒഴിവാക്കുമോ എന്ന കാര്യത്തിൽ പഞ്ചായത്ത് അടിയന്തര തീരുമാനം കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാഹനം ഉടൻ ലേലം ചെയ്യുമെന്ന് പ്രസിഡന്റ്
പിക്കപ്പ് ലേലം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അറിയിച്ചു.
മുൻ ഭരണസമിതി വാഹനം ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും തുടർപ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല. പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
അസി. എൻജിനിയർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് വാഹനം പരിശോധിപ്പിച്ച് ആവശ്യമായ രേഖകൾ കൈമാറിയിട്ടുണ്ട്. തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അടുത്തുതന്നെ വാഹനം ലേലം ചെയ്യുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
Tags : Nattuvishesham Districtnews