പരവൂര്‍: വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാത്തതിനാല്‍ പരവൂര്‍ തെക്കുംഭാഗം റോഡ് നവീകരണം പാതിവഴിയില്‍ നിലച്ചു. വൈദ്യുത തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ചെലവാകുന്ന തുക പൊതുമരാമത്ത് റോഡ് വിഭാഗം വൈദ്യുതി ബോര്‍ഡിന് അടയ്ക്കാത്തതാണ് റോഡ് നവീകരണം തടസപ്പെടുത്തിയത്.
മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നു കരുതിയ പാത നവീകരണം അനന്തമായി നീളുകയാണ്. ഇതോടൊപ്പം നവീകരണം നടത്തേണ്ട പരവൂര്‍-കലയ്ക്കോട്, മണിയംകുളം-കുട്ടൂര്‍ റോഡുകളുടെ ടാറിംഗും മുടങ്ങിക്കിടക്കുകയാണ്.
അഞ്ചുകോടി ചെലവിലാണ് മൂന്ന് റോഡുകളും ബിഎംആന്‍ഡ്ബിസി രീതിയില്‍ നവീകരിക്കുന്നത്. രണ്ടരവര്‍ഷം മുന്‍പാണ് നവീകരണത്തിന് ടെന്‍ഡറായത്. തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് സര്‍ക്കാരിനെ സമീപിച്ച തോടെ ഒരുവര്‍ഷം മുന്‍പാണ് ടെന്‍ഡറിന് അംഗീകാരം നല്‍കിയത്.
എന്നാല്‍ അതിനുശേഷവും നടപടിയുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പു സമയത്താണ് പണി തുടങ്ങി വച്ചത്. എന്നാല്‍ തെക്കുംഭാഗം റോഡിലേക്ക് കയറി നില്ക്കുന്ന വൈദ്യുത തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാലതാമസം ഉണ്ടാക്കുകയായിരുന്നു. വര്‍ക്കല -കാപ്പില്‍ തീരദേശ ഭാഗത്തേക്കുള്ള റോഡായതിനാല്‍ വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേര്‍ ആശ്രയിക്കുന്ന പാതയാണിത്. കുഴികള്‍ നിറഞ്ഞ റോഡില്‍ അപകടം പതിവാണ്.
Tags : nattu vishesham Paravur South Road Renovation