മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: കേരളത്തില്‍ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും 70 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്നതിനുള്ള സരള്‍ നിയമം പ്രാബല്യത്തില്‍ വന്നതായി മന്ത്രി പി. സി. വിഷ്ണുനാഥ്. പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജില്ലാതല സമീപനരേഖാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ പ്രകൃതിയെ സംരക്ഷിച്ചുള്ള സുസ്ഥിര ടൂറിസത്തിനാണ് കൂടുതല്‍ സാധ്യത. സാംസ്കാരിക, തീർഥാടന ടൂറിസത്തില്‍ പത്തനംതിട്ടയ്ക്കു വലിയ സാധ്യതകളുണ്ട്. ശബരിമല, ആറന്മുള, ആറന്മുള വള്ളസദ്യ, വള്ളംകളി, ആറന്മുള കണ്ണാടി, പടയണി, അയിരൂരിലെ കഥകളി ഗ്രാമം, തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിലെ കഥകളി, മാരാമൺ, ചെറുകോല്‍പ്പുഴ, കുമ്പനാട് കണ്‍വെന്‍ഷനുകള്‍ തുടങ്ങിയവയെല്ലാം പ്രധാന ടൂറിസം ആകര്‍ഷണങ്ങളാണ്. ഗവി, അടവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം പുതിയ കേന്ദ്രങ്ങളും വികസിപ്പിക്കണം.
പള്ളിയോട നിര്‍മാണം, വള്ളം നിര്‍മാണം, പരമ്പരാഗത കരകൗശല വിദ്യകൾ, നെല്‍കൃഷി, ഗ്രാമീണ ജീവിതം തുടങ്ങിയവയെ ടൂറിസം ഉത്പന്നങ്ങളാക്കി മാറ്റാന്‍ കഴിയും. ഇവ കൃത്യമായ പാക്കേജുകളാക്കി അവതരിപ്പിച്ചാല്‍ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും പ്രാദേശിക ജനങ്ങള്‍ക്ക് വരുമാനമുണ്ടാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രകൃതിദുരന്തങ്ങൾ നേരിടാൻ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ശക്തമായ ജനകീയ സംവിധാനവും ജില്ലയില്‍ ഒരുക്കണം. ജില്ലയിലെ അഗ്നിരക്ഷ, രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നല്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
ശബരി റെയില്‍പാത ഉൾപ്പടെയുള്ള ഗതാഗത പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ജില്ലയില്‍ വിമാനത്താവളം സ്ഥാപിക്കണമെന്ന ദീര്‍ഘകാല ആവശ്യവും പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പരിഗണിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അബിൻ വർക്കി എംഎൽഎ അധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് കെ.എം. ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ പഴകുളം മധു, സി.വി. ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ത്രിതല പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Tags :