പ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജൺ നടത്തിയ സ്കൂൾ മാഗസിൻ മത്സരത്തിൽ കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം നേടി. സ്കൂളിന്റെ "റെയ്സ 26' എന്ന മാഗസിനാണ് മികച്ച മാഗസിനായി തെരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിൽ സെന്റ് ജോസഫ്സ് സ്കൂൾ പുത്തനങ്ങാടിയുടെ "അനന്ത - ബിയോണ്ട് ബൗണ്ടറീസ്’ എന്ന മാഗസിൻ രണ്ടാം സ്ഥാനവും ഡോ. എൻ.കെ. മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂൾ വളാഞ്ചേരിയുടെ "ദൃഷ്ടി’ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 12 മാഗസിനുകളാണ് ഫൈനൽ റൗണ്ടിൽ തെരഞെടുത്തത്.
മികച്ച കവർ ഡിസൈൻ, ഉള്ളടക്ക മികവ്, ക്രിയാത്മക അവതരണം, ഭാഷാപരമായ മേൻമ എന്നിവ പരിഗണിച്ചാണ് വിധിനിർണയം നടത്തിയതെന്ന് വിധികർത്താക്കളായ ഡോ. പി.കെ. ബാബു, ഡോ. കെ.കെ. കുഞ്ഞിമുഹമ്മദ് എന്നിവരടങ്ങിയ ജൂറി അഭിപ്രായപ്പെട്ടു.
സമ്മാനാർഹമായ മാഗസിനുകൾക്ക് സഹോദയ പ്രശംസാപത്രവും ശിലാഫലകവും യഥാക്രമം 10,000, 8,000, 6,000 രൂപ കാഷ് അവാർഡുകളും സമ്മാനിക്കും.
ഒന്നാം സമ്മാനം നേടിയ മാഗസിൻ സംസ്ഥാന സിബിഎസ്ഇ മാഗസിൻ മത്സരത്തിനായി സമർപ്പിക്കും. സഹോദയ പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്റ് എം. അബ്ദുൾനാസർ വിജയികളെ പ്രഖ്യാപിച്ചു.
ജനറൽ സെക്രട്ടറി എം. ജൗഹർ, ഭാരവാഹികളായ ജോബിൻ സെബാസ്റ്റ്യൻ, പി. ഹരിദാസ്, നിർമല ചന്ദ്രൻ, ഫാ. നന്നം പ്രേംകുമാർ, ഡോ. ശിബിലി സികെഎം, പി. നിസാർഖാൻ, സി.കെ. ഹൗസത്ത്, ഐ.വി. രതി എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews First Place