ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിർമിച്ച അത്യാഹിത വിഭാഗം സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിക്കുന്നു.
ചാവക്കാട്: സ്വകാര്യ ആശുപത്രികളോട് മത്സരിക്കുകയല്ല സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.മുരളീധരന്.
ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.8 കോടി രൂപ ചെലവില്‍ നിര്‍മിച്ച അത്യാഹിത വിഭാഗസമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പെറ്റ് സ്കാന്‍ സംവിധാനം വൈകാതെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തുമെന്നും കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ റോബോട്ടിക് സര്‍ജന്റെ സേവനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആരോഗ്യമേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ള ജീവനക്കാരില്ലാത്തതാണ്. 3800-ഓളം പുതിയ ഡോക്ടര്‍മാരുടെയും നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകൾ തുടങ്ങിയവരുടെയും തസ്തികകൾ സൃഷ്ടിക്കും. മരുന്ന് വാങ്ങാൻ മരുന്ന് കമ്പനിക്കാർ മന്ത്രിയെ കാണേണ്ട. ഗുണനിലവാരമുള്ള മരുന്ന് വാങ്ങാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞാൽ നടപടിയെടുക്കും.
എൻ.കെ. അക്ബര്‍ എംഎല്‍എ അധ്യക്ഷനായി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ, എക്സിക്യൂട്ടീവ് എൻജിനിയർ സന്തോഷ് കുമാർ, തൃശൂർ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എം. സുജാത, പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി, ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, പി. യതീന്ദ്രദാസ്, കെ.എച്ച്. സലാം, പി.കെ. സൈമൺ മാസ്റ്റർ, വ്യാപാരി വ്യവസായി പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, അരവിന്ദൻ പല്ലത്ത്, ടി.ടി. ശിവദാസൻ, തോമസ് ചിറമ്മൽ, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Pharmaceutical company Nattuvishesham DistrictNews