ഫെബിൻ, ഷിയോ
കൊരട്ടി: കൊരട്ടി എസ്ഐ ഉൾപ്പെടെയുള്ള പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു. പുത്തൻചിറ പള്ളിയാൻ ഷിയോ(31), മേലൂർ നടത്തുരുത്ത് നെല്ലിശേരി ഫെബിൻ(19) എന്നിവരെയാണ് കൊരട്ടി ഇൻസ്പെക്ടർ എ. ഹബീബുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് മദ്യലഹരിയിലായിരുന്ന ഇരുവരും ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള കൂടപ്പുഴ ആറാട്ടുകടവ് തടയണയ്ക്ക് മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്നതിനിടെ അപകടകരമായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ 112 കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൊരട്ടി പോലീസിലെ എസ്ഐമാരായ കെ.എ. ജോയ്, സി.പി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗസംഘം സ്ഥലത്തെത്തി.
വെള്ളം കവിഞ്ഞൊഴുകുന്ന തടയണയിൽനിന്ന് താഴെയിറങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും നിർദേശം അനുസരിക്കാതെ പോലീസിനോട് തട്ടിക്കയറുകയുംചെയ്തു. തുടർന്ന് ഇവരെ പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എസ്ഐ കെ.എ. ജോയ് ഉൾപ്പെടെയുള്ള പോലീസുദ്യോഗസ്ഥരെ ആക്രമിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Tags : Local News Nattuvishesham Police attack case