പാസിംഗ് ഔട്ട് പരേഡില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കുന്നു.
അടൂർ: സ്വാതന്ത്ര്യവും സമത്വവും സമാധനവും ഉറപ്പാക്കുന്നതില്‍ സമൂഹത്തിന് മാതൃകയാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. അടൂര്‍ ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയനില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ സേനയ്ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ഏറ്റെടുക്കുന്ന ഓരോ ദൗത്യവും അച്ചടക്കത്തോടെയും കര്‍മ ധീരതയോടെയും വിജയകരമായി നടപ്പാക്കുന്നതില്‍ കേരള പോലീസ് എന്നും മാതൃകയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പൊതുജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ പുതുതായി പോലീസിലേക്ക് എത്തുന്ന സേനാഗംങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയനില്‍നിന്നുള്ള 205 പേരും അഞ്ചാം ബറ്റാലിയനില്‍നിന്നുള്ള 126 പോലീസ് കോണ്‍സ്റ്റബിള്‍മാരുമാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. എസ്. സൂരജ് നയിച്ച പരേഡിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് കെ.എസ്. അഭിജിത്ത് ആയിരുന്നു.
കെഎപി മൂന്നാം ബറ്റാലിയനില്‍നിന്ന് മികച്ച ഇന്‍ഡോര്‍ കേഡറ്റായി എസ്. ഹരികൃഷ്ണന്, മികച്ച ഔട്ട്ഡോര്‍ കേഡറ്റായി എസ്. സൂരജ്, മികച്ച ഷൂട്ടറായി ജി.എസ്. ഹരികൃഷ്ണന്, മികച്ച ഓള്‍റൗണ്ടറായി വി. വിഷ്ണു എന്നിവരെ തെരഞ്ഞെടുത്തു.
കെഎപി അഞ്ചാം ബറ്റാലിയനില്‍നിന്ന് മികച്ച ഇന്‍ഡോര്‍ കേഡറ്റായി അനന്തു സുരേഷ്, മികച്ച ഔട്ട്ഡോര്‍ കേഡറ്റായും ഓള് റൗണ്ടറായും കെ.എസ്. അഭിജിത്ത്, മികച്ച ഷൂട്ടറായി എല്‍ദോ പൗലോസ് എന്നിവരെയും തെരഞ്ഞെടുത്തു.
ഒമ്പതുമാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ശാരീരിക ക്ഷമതയും മനക്കരുത്തും വര്‍ധിപ്പിക്കുന്ന പാഠങ്ങളാണ് നല്‍കിയത്. ഔട്ട്ഡോര്‍ വിഭാഗത്തില്‍ ശാരീരിക ക്ഷമതാ പരിശീലനം, ആയുധ പരിശീലനം, കരാട്ടെ, യോഗ, നീന്തല്‍, വിവിധ സ്വയം പ്രതിരോധ പരിശീലനങ്ങള്‍, ഫയറിംഗ് എന്നിവ നല്കി.
ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഭരണഘടന, ഭാരതീയ ന്യായ സംഹിത, മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, വിഐപി ബന്തവസ്, ടെലി കമ്യൂണിക്കേഷന്‍, സോഷ്യല്‍ മീഡിയ, സൈബര്‍ കുറ്റകൃത്യങ്ങള്‍, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്കി.
ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്, പീനോളജി, വിക്ടിമോളജി, സൈബര്‍ ഫോറന്‍സിക് വിഷയങ്ങളിലും പരിശീലനം നൽകി.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ആംഡ് പോലീസ് ബറ്റാലിയന് എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥര്‍, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Police Minister Ramesh Chennithala