മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പോയാലിമല ടൂറിസം പദ്ധതിയുടെ അനന്തസാധ്യതകള്‍ അധികാരികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനായി നടത്തുന്ന പോയാലിമല ഫെസ്റ്റിന് തുടക്കമായി. ഒഴുപാറ നിരപ്പ് യുവ ചാരിറ്റി, യുവ ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്, യുവ എഫ്സി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
മലയ്ക്ക് മുകളില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് പരിപാടി നടക്കുന്നത്. ഇന്ന് നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം മാത്യു കുഴല്നാടന് എംഎല്‍എ നിർവഹിക്കും. രാത്രി 8.30 മുതല്‍ യുവ ചാരിറ്റി അവതരിപ്പിക്കുന്ന മൈം പ്രോഗ്രാം, നിര്‍ധനരായ ഏഴ് വ്യക്തികള്‍ക്ക് യുവ ചാരിറ്റി നല്കുന്ന സഹായ വിതരണം എന്നിവ നടക്കും. തുടര്‍ന്ന് രാത്രി ഗാനമേളയും ഡിജെ അവതരണവും കരിമരുന്ന് പ്രകടനവും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ആസിഫ് അലി മുതിരക്കാലായില്‍, കോ-ഓര്‍ഡിനേറ്റര്‍ കബീര്‍ ആലപ്പാട്ട് എന്നിവര്‍ അറിയിച്ചു.
പോയാലി മലയുടെ പ്രകൃതി സൗന്ദര്യം വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കുവാന്‍ കഴിയുന്ന നിലയിലാണ് ഫെസ്റ്റ് നഗരി ഒരുക്കിയിരിക്കുന്നത്. മലയ്ക്ക് മുകളിലെ ലൈറ്റിംഗാണ് മുഖ്യ ആകര്‍ഷണം. മൂവാറ്റുപുഴ നഗരത്തില്‍നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെയാണ് പോയാലിമല. എംസി റോഡിലെ പായിപ്ര കവലയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്തിച്ചേരാം. സമുദ്ര നിരപ്പില്‍ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും മൊട്ടകുന്നുകളും കൊണ്ട് അനുഗ്രഹീതമാണ്.
മലയുടെ മുകളിലുളള വറ്റാത്ത കിണറും കാല്പാദ മുദ്രയും ഇളം കാറ്റും ഉദയവും അസ്തമയവുമെല്ലാം മനോഹര കാഴ്ചയാണ്. ഇവിടെ ഉണ്ടായിരുന്നു വെളളച്ചാട്ടം കരിങ്കല്‍ ഖനനം മൂലം അപ്രത്യക്ഷമായി. മലയില്‍ എളുപ്പത്തില്‍ എത്താവുന്ന രൂപത്തില്‍ റോഡ്, റോപ് വേ, വ്യൂ പോയിന്റുകള്‍, വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഒരുക്കിയാല്‍ സഞ്ചാരികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തും.
Tags : Festival begins