തൃശൂർ: കെഎസ്ആർടിസി ഓർഡിനറി ബസിന്റെ പ്ലാറ്റ്ഫോമിലേക്ക് ഇൻഡിക്കേറ്റർ തെളിയിച്ച് ആനവണ്ടി എത്തിയപ്പോൾ പതിവ് പുരുഷ യാത്രക്കാരെല്ലാം ഒന്നു സൈഡായി. പിന്നാലെ, ബസിന്റെ വാതിലിലൂടെ സ്ത്രീകളുടെ തിരക്കോടുതിരക്ക്. സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗാരന്റി പദ്ധതി പ്രകാരമുള്ള പ്രിയദർശിനി സൗജന്യ വനിതാ ബസ് യാത്രാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോടെ തൃശൂർ ഡിപ്പോ ഇന്നലെ ശരിക്കും ഒരു ഉത്സവപ്പറമ്പായി മാറി. മന്ത്രി രമേശ് ചെന്നിത്തല പച്ചക്കൊടി വീശി. ജില്ലയിലെ സ്ത്രീകളുടെ സൗജന്യപ്രയാണത്തിന് ആവേശകരമായ തുടക്കം.
കെഎസ്ആർടിസി നേരിടുന്ന കടുത്ത സാമ്പത്തികബാധ്യതകൾക്കിടയിലും സ്ത്രീശക്തീകരണത്തിനു മുൻഗണന നൽകുന്ന സർക്കാരിന്റെ ഉറച്ച തീരുമാനമാണ് ഈ പദ്ധതിയെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസം നേടിയും ജോലിചെയ്തും ഓരോ കുടുംബത്തെയും താങ്ങിനിർത്തുന്ന സ്ത്രീശക്തിക്ക് യുഡിഎഫ് നേതൃത്വത്തിലുള്ള സർ ക്കാർ നൽകുന്ന വലിയൊരു അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിക്കു തൃശൂരിൽ വൻസ്വീകാര്യതയാണ് ലഭിച്ചത്. ഉദ്ഘാടനത്തിനു മണിക്കൂറുകൾക്കു മുന്‍പുതന്നെ ജോലിക്കുപോകുന്ന സ്ത്രീതൊഴിലാളികളും യാത്രക്കാരും ഡിപ്പോയിൽ കാത്തുനിന്നിരുന്നു.
ചടങ്ങിൽ രാജൻ ജെ. പല്ലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ് തുടങ്ങിയവർ പങ്കെടുത്തു. അധികൃതർ യാത്രക്കാർക്കു ലഡു വിതരണം ചെയ്താണ് സന്തോഷം പങ്കിട്ടത്.
സീറ്റില്ലാതെ മന്ത്രി; ടിക്കറ്റ് ചാർജ് നൽകി എംഎൽഎ
നീണ്ട 40 വർഷത്തെ ഇടവേളയ്ക്കുശേഷം മന്ത്രി രമേശ് ചെന്നിത്തല കെഎസ്ആർടിസി ബസിൽ സാധാരണ യാത്രക്കാരനായി കയറി. കോളജ് കാലത്താണ് കെഎസ്ആർടിസി ബസിൽ കൂടുതലും യാത്ര ചെയ്തിട്ടുള്ളതെന്നും എംഎൽഎ ആയശേഷവും ബസ് യാത്ര നടത്തിയിട്ടുണ്ടെങ്കിലും പിന്നീട് തിരക്കുകൾകാരണം സമയം കിട്ടാതെ പോയതാണെന്നും മന്ത്രി പറഞ്ഞു. വീണ്ടുമൊരു കെഎസ്ആർടിസി യാത്ര വലിയ സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർ നിറഞ്ഞ പാലക്കാട് - തൃശൂര്‍ ടൗണ്‍ ടു ടൗണ്‍ ബസില്‍ തേക്കിന്‍കാട് മൈതാനംവരെ നിന്നുകൊണ്ടായിരുന്നു മന്ത്രിയുടെയും കൂട്ടരുടെയും യാത്ര. മന്ത്രിക്കൊപ്പം യാത്രചെയ്ത 30 പുരുഷന്മാരുടെ ടിക്കറ്റ് തുക രാജൻ പല്ലൻ എംഎൽഎ വനിതാ കണ്ടക്ടർ എ.എസ്, ശൈലയ്ക്കു നൽകി. വനിതാ യാത്രക്കാർക്കെല്ലാം പദ്ധതിപ്രകാരമുള്ള സീറോ ടിക്കറ്റുകൾ കണ്ടക്ടർ വിതരണം ചെയ്തു.
ലഹരിക്കെതിരേ ഗോളടിച്ച് മടക്കം
ബസ് യാത്രയ്ക്കുശേഷം തൃശൂർ തെക്കേഗോപുരനടയിൽ എത്തിയ മന്ത്രി രമേശ് ചെന്നിത്തല കോർപറേഷന്റെ പ്രത്യേക കാമ്പയിനിലും പങ്കാളിയായി. ലഹരിക്കെതിരേ തൃശൂർ കോർപറേഷൻ സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ കാമ്പയിന്റെ ഭാഗമായി സജ്ജീകരിച്ച പോസ്റ്റിലേക്കു ഗോൾകിക്ക് അടിച്ച ശേഷമാണ് മടങ്ങിയത്.