നീലേശ്വരം കോൺവെന്റ് ജംഗ്ഷനിൽ സന്ദീപ് വാര്യർ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് താത്കാലിക അറ്റകുറ്റപ്പണി നടത്തി കുഴികൾ നികത്തിയ നിലയിൽ.
നീലേശ്വരം: നീലേശ്വരം-ഇടത്തോട് റോഡിൽ പാതിവഴിയിൽ നിലച്ച നവീകരണ പ്രവൃത്തികൾ വീണ്ടും തുടങ്ങാൻ സാധ്യത തെളിഞ്ഞു. പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് അനുവദിച്ച 28.7 കോടി രൂപയുടെ പദ്ധതിക്ക് ലഭിച്ച ടെൻഡറുകൾ കഴിഞ്ഞ ദിവസം തുറന്നു. ആകെ ലഭിച്ച മൂന്നു ടെൻഡറുകളിൽ ഏറ്റവും കുറഞ്ഞ തുക കാണിച്ച ജാസ്മിൻ ഗ്രൂപ്പിനാണ് കരാർ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളത്. വരുംദിവസങ്ങളിൽ തന്നെ ടെൻഡർ കമ്മിറ്റി യോഗം ചേർന്ന് സെലക്ഷൻ അംഗീകരിച്ച് ഇവർക്ക് നോട്ടീസ് നൽകുന്നതിനു പിന്നാലെ പ്രവൃത്തികൾ ആരംഭിക്കാനാകും.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഈ ടെൻഡറുകൾ ലഭിച്ചത്. തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ ടെൻഡർ നടപടികൾ നിലച്ചു. ഭരണമാറ്റത്തെ തുടർന്ന് കിഫ്ബിക്കു കീഴിൽ അനുവദിച്ച പദ്ധതികളിൽ പുനഃപരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. എന്നാൽ, അവസാനഘട്ടത്തിലെത്തിയ പദ്ധതികൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് സർക്കാർതലത്തിൽ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെൻഡറുകൾ തുറന്നു പരിശോധിച്ച് കരാർ നൽകാൻ കഴിഞ്ഞ 13ന് തിരുവനന്തപുരത്ത് ചേർന്ന കിഫ്ബിയുടെ ഉന്നതതല യോഗം തീരുമാനിച്ചത്.
നേരത്തേ ഇക്കാര്യം ആവശ്യപ്പെട്ട് ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ മുഖ്യമന്ത്രിക്കും ലീഗ് നേതാവ് മുസ്തഫ തായന്നൂർ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനും കത്തുനൽകിയിരുന്നു.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നീലേശ്വരം കോൺവെന്റ് ജംഗ്ഷൻ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്ത് ഏറ്റെടുത്ത സ്ഥലങ്ങളിൽ അവശേഷിക്കുന്ന കെട്ടിടങ്ങളും മറ്റു നിർമിതികളും പൊളിച്ചുമാറ്റുന്നതിനുള്ള ലേലം 29ന് രാവിലെ 11ന് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കെആർഎഫ്ബി ഓഫീസിൽ നടക്കും. 28ന് വൈകുന്നേരം മൂന്നുമണി വരെ ഇതിനായി ക്വട്ടേഷനുകൾ സ്വീകരിക്കും.
നീലേശ്വരം-ഇടത്തോട് റോഡിന്റെ നവീകരണപ്രവൃത്തികൾ തുടങ്ങിയത് 2019ലാണ്. എന്നാൽ, നാൾക്കുനാൾ ഇഴഞ്ഞുനീങ്ങിയ പ്രവൃത്തികൾ വാഹനയാത്രക്കാർക്കും റോഡിന്റെ ഇരുവശങ്ങളിലെയും താമസക്കാർക്കും വ്യാപാരികൾക്കുമെല്ലാം തീരാദുരിതമായി. ഒടുവിൽ കരാറുകാരുടെ അനാസ്ഥയും മെല്ലെപ്പോക്കും മൂലമുണ്ടായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2023ൽ പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് കരാർ റദ്ദാക്കുകയായിരുന്നു.
കോൺവെന്റ് ജംഗ്ഷൻ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്ത് വീതികൂട്ടി നവീകരിക്കുന്നതും മറ്റു ചില ഭാഗങ്ങളിൽ മെക്കാഡം ടാറിംഗിന്റെ രണ്ടാം ലെയർ പ്രവൃത്തികളും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികളുമാണ് ഇനി നടത്താനുള്ളത്. ഒറ്റ ലെയർ മാത്രം ടാറിംഗ് നടത്തിയ ചില ഭാഗങ്ങളിൽ റോഡിൽ വീണ്ടും കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വാഴവച്ചു പ്രതിഷേധിച്ചിരുന്നു.
നവീകരണ പ്രവൃത്തികൾ തുടങ്ങുന്നത് നീണ്ടുപോകുന്നതിനിടെ കോൺവെന്റ് ജംഗ്ഷനിൽ റോഡ് പാടേ തകർന്ന് കുഴികളായതും പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നിരാഹാരസമരവും നടന്നു. ഒടുവിൽ സന്ദീപ് വാര്യർ എംഎൽഎ ഇടപെട്ട് ആറുലക്ഷം രൂപ അനുവദിച്ചാണ് ഈ ഭാഗത്തെ കുഴികൾ നികത്തി അറ്റകുറ്റപ്പണികൾ നടത്തിയത്. പുതിയ കരാർ പ്രകാരമുള്ള നവീകരണപ്രവൃത്തികൾ അടുത്ത വർഷം മാർച്ചോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
Tags : NattuVishesham DistrictNews