പത്തനംതിട്ട: കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ പ്രാബല്യത്തിൽ വന്നതോടെ പ്രതിഷേധവുമായി വിവിധ സംഘടനകൾ.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംയുക്ത സംഘടനയായ എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.ലക്ഷ്മി ദേവി ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാപ്രസിഡന്റ് ദീപാ വിശ്വനാഥ് അധ്യക്ഷത വഹിച്ചു.
കെജിഒഎ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ. ജാൻകി ദാസ്, എൻജിഒ യൂണിയൻ ഭാരവാഹികളായ എസ്. ബിനു, പി.ബി.മധു, എൽ.അഞ്ജു , പി. എൻ. അജി, ബിനു ജി.തമ്പി, എഫ്എസ്ഇടി ഒ താലൂക്ക് സെക്രട്ടറി എസ് ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
കളക്ടറേറ്റിൽ നടന്ന പ്രതിഷേധ പരിപാടി എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടി. ആർ. ബിജു രാജ്, ഷെറീന ബീഗം, ജെ. സുജ എന്നിവർ പ്രസംഗിച്ചു.
കോന്നിയിൽ എഫ്എസ്ഇ ടിഒ താലൂക്ക് പ്രസിഡന്റ് ടി.ആർ. കവിതയും തിരുവല്ലയിൽ കെജിഒഎ ജില്ലാ സെക്രട്ടറി മോളമ്മ തോമസും അടൂരിൽ എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് കെ. രവിചന്ദ്രനും റാന്നിയിൽ എൻജിഒ യൂണിയൻ സെക്രട്ടേറിയറ്റംഗം ഒ.ടി. ദിപിൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.