കട്ടപ്പന: കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതിയിലെ താമസക്കാരുടെ വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്കിയ വനപാലകരുടെ നടപടിക്കെതിരേ ജനകീയ പ്രക്ഷോഭം. സിപിഎം കട്ടപ്പന ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ചിയാറിലെ അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനംചെയ്തു. അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് 24 പേരുടെ കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കാഞ്ചിയാര്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് കത്ത് നല്‍കിയത്.
അഞ്ച് പതിറ്റാണ്ടിലേറെയായി ഉന്നതിയില്‍ താമസിക്കുന്ന ആളുകളെ കുടിയിറക്കാനാണ് വനപാലകരുടെ നീക്കമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഉന്നതിയിലെ താമസക്കാര്ക്കുനേരേയുള്ള ദ്രോഹനടപടി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും വൈദ്യുതി വിച്ഛേദിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പള്ളിക്കവലയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ പോലീസ് തടഞ്ഞു. സ്വരാജ് ലോക്കല്‍ സെക്രട്ടറി കെ.സി. ബിജു അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ പി.ബി. ഷാജി, ടോമി ജോര്‍ജ്, സി.ആര്. മുരളി, കെ.പി. സജി തുടങ്ങിയവർ പ്രസംഗിച്ചു.