പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് ആശാവർക്കേഴ്സ് യൂണിയൻ നടത്തിയ പ്രതിഷേധ മാർച്ചും
പേരാമ്പ്ര: ആശാ വർക്കർ പി.എം. സുലഭയെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സിഐടിയു ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സിഐടിയു ആശാ വർക്കേഴ്സ് യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യപരമായ സമരത്തിൽ പങ്കെടുത്ത തൊഴിലാളികൾക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സസ്പെൻഷൻ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും പി.പി. പ്രേമ ആവശ്യപ്പെട്ടു.
സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ തൊഴിലാളികളെ ലക്ഷ്യമിട്ട് നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഈ നടപടികൾ പിൻവലിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ. സുനിൽ മുന്നറിയിപ്പ് നൽകി.
ജൂലൈ 27-ന് പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞുവച്ചെന്നാരോപിച്ചും ജൂലൈ 28ലെ സമരത്തിന് നേതൃത്വം നൽകിയെന്നു പറഞ്ഞുമാണ് പി.എം. സുലഭയെ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സമരത്തിൽ പങ്കെടുത്ത മറ്റ് ഏഴ് ആശാ വർക്കർമാർക്ക് താക്കീത് നൽകുകയും മെഡിക്കൽ ഓഫീസർ വിളിച്ചു ചേർക്കുന്ന യോഗത്തിൽ ഹാജരായി ക്ഷമാപണം നടത്തണമെന്നും നിർദേശിച്ചിരുന്നു. പ്രസിഡന്റിനെ തടഞ്ഞുവച്ചെന്ന ആരോപണം പി.എം. സുലഭയും സമരത്തെ പിന്തുണച്ച നേതാക്കളും നിഷേധിച്ചിട്ടുണ്ട്. ആശാ വർക്കേഴ്സ് യൂണിയൻ ഏരിയ പ്രസിഡന്റ് പി.എം. പ്രസീത അധ്യക്ഷത വഹിച്ചു.
സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ. സുനിൽ, കോഴിക്കോട് ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്, ജില്ലാ പ്രസിഡന്റ് ശ്രീജ, ആശ, പ്രഭാശങ്കർ, എൻ.പി. ബാബു, കെ. കുഞ്ഞിക്കണ്ണൻ, ടി.പി. ഷീന എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Protest march Perambra Panchayat