ഹരിപ്പാട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണസമയം അവസാനിച്ചിട്ടും നവമാധ്യമങ്ങളിലൂടെ രാഷ്ട്രീയപാർട്ടികൾ പ്രചാരണം തുടരുന്നതിനെതിരേ രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
പരസ്യപ്രചാരണത്തിനുള്ള സമയപരിധി ചൊവ്വാഴ്ച വൈകിട്ട് ആറിന് അവസാനിച്ചെങ്കിലും സിപിഎമ്മും ബിജെപിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഓൺലൈൻ സൈറ്റുകളിലൂടെയും വോട്ടഭ്യർഥനയും പരസ്യങ്ങളും തുടരുകയാണെന്ന് പരാതിയിൽ പറയുന്നു.
വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച തന്നെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഫോണിലൂടെയും രേഖാമൂലവും വിവരം അറിയിച്ചിട്ടും സംസ്ഥാന കമ്മീഷൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കോൺഗ്രസ് പ്രചാരണസമിതി അധ്യക്ഷൻ കൂടിയായ ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കമ്മീഷൻ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചട്ടലംഘനം തുടരുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : nattu vishesham Ramesh Chennithala approaches Central Election