മെഡിക്കല്‍കോളജ്: റീജണല്‍ കാന്‍സര്‍ സെന്ററിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ചീഫ് നഴ്സിംഗ് ഓഫീസര്‍ക്ക് സസ്പെന്ഷന്.
ചീഫ് നഴ്സിംഗ് ഓഫീസര്ശ്രീലേഖയെയാണ് ആര്‍സിസി ഡയറക്ടര്‍ ഡോ. കെ. രജനീഷ്കുമാര്‍ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ആരോപണത്തില്‍ കാര്യമുണ്ടെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണു നടപടി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ അഞ്ചംഗസമിതിയാണ് ക്രമക്കേട് അന്വേഷിച്ചത്.
സ്റ്റാഫ് നേഴ്സുമാരുടെ നിയമനത്തില്‍ ശ്രീലേഖ ചടങ്ങള്‍ ലംഘിച്ചുവെന്നും അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു. ശ്രീലേഖയുടെ അടുത്ത ബന്ധുക്കള്‍ റാങ്ക്ലിസ്റ്റില് കടന്നുകൂടിയിരുന്നു. ബന്ധുക്കള്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ നിയമന പ്രക്രിയയില്‍നിന്നു മാറിനില്‍ക്കണമെന്നതാണ് ചട്ടം.
എന്നാല്‍ എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തയാറാക്കിയതില്‍ ഇവര്‍ക്കു പങ്കുണ്ടായിരുന്നു. ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തിയ അഭിമുഖ പരീക്ഷയില്‍ ശ്രീലേഖ പങ്കെടുക്കുകയുണ്ടായി.
ചീഫ് നഴ്സിംഗ് ഓഫീസറെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍കോളജ് വാര്‍ഡ് മുന്‍കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ഥികളില്‍ ചിലരും മുഖ്യമന്ത്രിക്കു പരാതി നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചതും ആര്‍സിസി ഡയറക്ടര്‍ ചീഫ് നഴ്സിംഗ് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിച്ചതും.
Tags : nattu vishesham RCSC recruitment