യാത്രാവഞ്ചികൾക്ക് അനുവദിച്ച ലൈസൻസുകൾ പഞ്ചായത്ത് മെംബർ ഷാജു പുളിക്കൻ കനാൽ സെക്്ഷൻ ഓഫിസർമാരിൽനിന്ന് ഏറ്റുവാങ്ങുന്നു.
മംഗലംഡാം: റിസർവോയറിന്റെ മറുകരയായ അട്ടവാടിയിലേക്ക് യാത്രാവഞ്ചികൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി.
ആളുകൾ യാത്രചെയ്യുന്ന അഞ്ച് വഞ്ചികൾക്ക് പാലക്കാട് ജില്ല ഉൾപ്പെടെ വരുന്ന ഇറിഗേഷന്റെ എറണാകുളത്തുള്ള കനാൽഡിവിഷൻ ഓഫിസിൽനിന്ന് ലൈസൻസ് അനുവദിച്ചതോടെയാണ് അട്ടവാടിക്കാരുടെ യാത്രാപ്രശ്നത്തിന് പരിഹാരമായത്.
കനാൽ സെക്്ഷൻ ഓഫിസർമാരായ എം.ആർ. രഞ്ജിത്ത്, കെ.വി. ജോസഫ് എന്നിവരിൽനിന്ന് പഞ്ചായത്ത് മെംബർ ഷാജു പുളിക്കൻ ഉത്തരവ് ഏറ്റുവാങ്ങി. വഞ്ചി ഉടമകളായ ബാബു മാസ്റ്റർ, ദേവമാതാ കുഞ്ഞുമോൻ, അട്ടവാടി വടക്കേവീട് രതീഷ്, മണികണ്ഠൻ, സന്തോഷ്കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
നാലുദിവസം മുമ്പ് എറണാകുളത്തെ സംഘം മംഗലംഡാമിലെത്തി യാത്രാവഞ്ചികൾ പരിശോധിച്ചിരുന്നു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോൺ മാസ്റ്റർ, ഷാജു പുളിക്കൻ എന്നിവരുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് യാത്രാ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞത്.
ലൈഫ് ജാക്കറ്റ് ഉൾപ്പെടെ മതിയായ സുരക്ഷാ സംവിധാനത്തോടെ സ്വന്തം ഉത്തരവാദിത്വത്തോടെയാകും തോണി യാത്ര നടത്തേണ്ടതെന്ന നിർദേശമുണ്ട്. ഈ മാസം എട്ടിനാണ് ഇറിഗേഷന്റെ മംഗലംഡാം അസിസ്റ്റന്റ് എൻജിനിയർ നാട്ടുകാരുടെ യാത്രാവഞ്ചി തടഞ്ഞ് ഉടമക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്.
ഇതോടെ മറ്റു യാത്രാമാർഗങ്ങളില്ലാത്ത മറുകരയായ അട്ടവാടിയിലെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലായിരുന്നു.
Tags :