തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മന്ത്രി ഒ.ജെ. ജനീഷ് സന്ദർശനം നടത്തുന്നു. വർഗീസ് മാമ്മൻ എംഎൽഎ സമീപം.
തിരുവല്ല: തിരുവല്ലയിലെ കായിക പ്രേമികളുടെയും പൊതുജനങ്ങളുടെയും ചിരകാല സ്വപ്നമായിരുന്ന പബ്ലിക് സ്റ്റേഡിയം നവീകരണം യാഥാർഥ്യത്തിലേക്ക്. കായിക മന്ത്രി ഒ.ജെ. ജനീഷ് സ്റ്റേഡിയം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 15 ഏക്കർ വരുന്ന വിസ്തൃതമായ സ്ഥലസൗകര്യവും സ്റ്റേഡിയത്തിന് അനുബന്ധമായുള്ള ഗതാഗത മാർഗങ്ങളും ചികിത്സാസൗകര്യങ്ങളും മനസിലാക്കിയ മന്ത്രി ജനീഷ് എത്രയും വേഗം സ്റ്റേഡിയം പുനരുദ്ധാരണ പണികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
സർക്കാരും കായികവകുപ്പുമെടുക്കുന്ന തീരുമാനങ്ങളോട് നഗരസഭയും പൊതുസമൂഹവും കായിക സംഘടനകളും താരങ്ങളും സഹകരിച്ച് ഒത്തൊരുമയിൽ സമീപ ഭാവിയിൽ സ്റ്റേഡിയം പണി ആരംഭിച്ച് ആദ്യഘട്ടമെന്ന നിലയിൽ വർഷം മുഴുവനും ഉപയോഗിക്കാൻ പാകത്തിൽ സ്റ്റേഡിയം രൂപപ്പെടുത്തണമെന്നതാണ് നിർദേശം.
സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള അഞ്ചു കോടി രൂപയ്ക്കു പുറമേ, മറ്റ് ധനാഗമമാർഗങ്ങളും സ്വകാര്യ നിക്ഷേപങ്ങളും പൊതുജനപങ്കാളിത്തവും ഉറപ്പുവരുത്തി പണികൾ പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കായികതാരങ്ങൾക്ക് പ്രകടനം മെച്ചപ്പെടുത്താൻ വേണ്ട അനുബന്ധ സൗകര്യങ്ങൾ വേണം. തിരുവല്ലയിലെ കായികതാരങ്ങൾക്ക് ഇനി വിഷമിക്കേണ്ടി വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്റ്റേഡിയത്തിലെത്തിച്ചേർന്ന കായിക മന്ത്രി ഒ.ജെ. ജനീഷിനെ വർഗീസ് മാമ്മൻ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ എസ്. ലേഖ, നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, കായികതാരങ്ങൾ തുടങ്ങിയവർ ചേർന്നു സ്വീകരിച്ച് മൈതാനത്തേക്ക് ആനയിച്ചു. വർഗീസ് മാമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ മത വ്യത്യാസങ്ങൾ മറന്ന് സ്റ്റേഡിയത്തിനു വേണ്ടി നിലകൊള്ളുമെന്ന് വർഗീസ് മാമ്മൻ പറഞ്ഞു. നിലവിലുള്ള കാടുകൾ വെട്ടിത്തെളിച്ച് ഈ വർഷം തന്നെ ജില്ലാ ഫുട്ബോൾ ലീഗ് ഉൾപ്പെടെ വിവിധ മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സ്റ്റേഡിയം പുനരുദ്ധാരണത്തിന് നഗരസഭയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ചെയർപേഴ്സൺ എസ്. ലേഖ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ നഗരസഭാ വൈസ് ചെയർമാൻ കെ.വി. വർഗീസ്, പ്രതിപക്ഷ നേതാവ് ജെനു മാത്യു, മുൻ ചെയർമാൻമാരായ ആർ. ജയകുമാർ, ചെറിയാൻ പോളച്ചിറക്കൽ, വർഗീസ് ജോൺ, കോശി തോമസ്, കെഎഫ്എ ട്രഷറാർ ഡോ. റെജിനോൾഡ് വർഗീസ്, ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ കെ. വർഗീസ്, ജയ് പൗലോസ്, അലക്സ് മമ്മൻ, കുര്യൻ ചെറിയാൻ, സാജൻ വർഗീസ്, അനീഷ് തോമസ്, കായിക താരങ്ങളുടെ പ്രതിനിധി എഫ്. ഷാലിമ എന്നിവർ പ്രസംഗിച്ചു.
Tags :