നെന്മാറ: പിഎംജിഎസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടു മീറ്റർ വീതിയിലും 11.15 കിലോമീറ്റർ നീളത്തിലും നവീകരണം നടത്തുന്നതിനായി പഞ്ചായത്തുകൾ അഞ്ചുവർഷത്തേക്ക് വിട്ടു നൽകിയ റോഡിന്റെ നവീകരണം പാതിവഴിയിൽ നിലച്ച സാഹചര്യത്തിൽ പയ്യാങ്കോട് - കാന്തളം- വണ്ടാഴി റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അയിലൂർ പഞ്ചായത്തിലെ യുഡിഎഫ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഷാഫിപറമ്പിൽ എംപി മുഖേന ഗ്രാമ വികസനവകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് മന്ത്രിയുടെ ഓഫീസിൽ എത്തി നിവേദനം നൽകി.
ടാറിന്റെ വിലയിൽ വന്ന വ്യത്യാസം പരിഹരിക്കുന്നതിനായി എസ്റ്റിമേറ്റ് റിവിഷൻ നടത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും വേണ്ട തുക അനുവദിക്കുന്നതിനും സർക്കാർ നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ കെ.ജി. എൽദോ, പഞ്ചായത്ത് പ്രസിഡന്റ്് കെ. രാജേശ്വരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്.എം. ഷാജഹാൻ, ആർ. കനകലത, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. രാജു, പഞ്ചായത്ത് അംഗങ്ങളായ വി. വിനേഷ്, ബിന്ദു സുരേഷ്, ജിൻസി ബാബു, എമിലി ബിജു, ഷാനിഫ അഫ്സൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.